ഹൈന്ദവ പുരോഹിത സംഘം അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശിച്ചു

By Web TeamFirst Published Apr 25, 2019, 6:46 PM IST
Highlights

അബുദാബിയിലെ ക്ഷേത്ര നിര്‍മാണ ചുമതയലയുള്ള ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ നേതാക്കള്‍ യുഎഇ ഭരണകൂടത്തിന്റെ അതിഥിയായാണ് എത്തിയത്. പള്ളി സന്ദര്‍ശിക്കുന്നതിന് മുന്‍പ് സന്യാസി സംഘം ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറകുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അബുദാബി: ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്ത ആത്മീയ ആചാര്യന്‍ മഹന്ത് സ്വാമി മഹാരാജും സംഘവും അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സന്ദര്‍ശിച്ചു. യുഎഇ സഹിഷ്ണുതാകാര്യ  വകുപ്പ് മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാന്റെ നേതൃത്വത്തില്‍ സന്യാസി സംഘത്തിന് രാജകീയ സ്വീകരണമൊരുക്കി.

അബുദാബിയിലെ ക്ഷേത്ര നിര്‍മാണ ചുമതയലയുള്ള ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ നേതാക്കള്‍ യുഎഇ ഭരണകൂടത്തിന്റെ അതിഥിയായാണ് എത്തിയത്. പള്ളി സന്ദര്‍ശിക്കുന്നതിന് മുന്‍പ് സന്യാസി സംഘം ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറകുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  50 പുരോഹിതര്‍ക്കൊപ്പം പ്രവാസി വ്യവസായിയും ക്ഷേത്ര കമ്മിറ്റി അധ്യക്ഷനുമായ ബി.ആര്‍ ഷെട്ടിയുമുണ്ടായിരുന്നു. സ്വാമിയെയും സംഘത്തെയും ശൈഖ് നഹ്‍യാന്‍ തന്നെ ഗോള്‍ഫ് കാര്‍ട്ട് ഓടിച്ച് ഗ്രാന്റ് മോസ്കിന്റെ വിവിധ ഭാഗങ്ങള്‍ പരിചയപ്പെടുത്തി. ശേഷം രക്തസാക്ഷി സ്മാരകത്തിലേക്കും ഗോള്‍ഫ് കാര്‍ട്ടില്‍ സ്വാമിയെയും സംഘത്തെയും ശൈഖ് നഹ്‍യാന്‍ കൊണ്ടുപോയി.

നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കൊണ്ട് ലോകശ്രദ്ധയാര്‍ഷിച്ച ഗ്രാന്റ് മോസ്കിലുള്ള, ലോകത്തിലെത്തന്നെ ഏറ്റവും വലിയ തൂക്കൂവിളക്കുകയും  പരവതാനിയും തൂണുകളും പള്ളിയുടെ ചുവരില്‍ ആലേഖനം ചെയ്തിരുന്ന അല്ലാഹുവിന്റെ 99 നാമങ്ങളും മറ്റ് നിര്‍മ്മിതികളുമൊക്കെ സ്വാമിമാരുടെ സംഘം നോക്കിക്കണ്ടു. ഗ്രാന്റ് മോസ്ക് ഡയറക്ടര്‍ ജനറല്‍ ഡോ. യൂസുഫ് അല്‍ ഉബൈദി പള്ളിയുടെ പ്രത്യേകതകള്‍ വിശദീകരിച്ചു. സന്യാസി സംഘത്തിന്റെ സന്ദര്‍ശന വിവരമറിഞ്ഞ് നിരവധി വിശ്വാസികളും പള്ളിയിലെത്തിയിരുന്നു.

വിശ്വസാഹോദര്യത്തിനും സമാധാനത്തിനുമായി നിലകൊള്ളുന്ന ഗ്രാന്റ് മോസ്കിനെക്കുറിച്ച് സ്വാമി സന്ദര്‍ശക പുസ്തകത്തിലെഴുതി.  യുഎഇയിലെ ഹൈന്ദവ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നതിന്  ശൈഖ് നഹ്‍യാന്‍ നല്‍കുന്ന പിന്തുണയ്ക്ക് സ്വാമി നന്ദി അറിയിച്ചു. ശൈഖ് നഹ്‍യാന് അമൃത കലശം സമ്മാനിച്ചശേഷമാണ്  സ്വാമി ദുബായിലേക്ക് തിരിച്ചത്.

click me!