
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ മുബാറക് അൽ-കബീർ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് വൻ റെയ്ഡ് നടത്തി. സ്വദേശികൾ താമസിക്കുന്ന സ്വകാര്യ പാർപ്പിട സമുച്ചയം നിയമവിരുദ്ധമായി പലചരക്ക് കടയായും ഭക്ഷ്യ സംഭരണ കേന്ദ്രമായും ഉപയോഗിച്ചിരുന്ന വിദേശി തൊഴിലാളികളെയാണ് അധികൃതർ പിടികൂടിയത്. യാതൊരുവിധ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും കൃത്യമായ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ഇല്ലാതെയുമാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ലൈസൻസില്ലാത്ത ഭക്ഷ്യവിപണന കേന്ദ്രങ്ങൾക്കെതിരെ സർക്കാർ നടത്തുന്ന ശക്തമായ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ റെയ്ഡ്.
നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും കുറ്റത്തിന്‍റെ ഗൗരവമനുസരിച്ച് ലക്ഷം ദിനാർ വരെ ഭീമമായ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഗവർണറേറ്റിലെ ഫുഡ് ഇൻസ്പെക്ഷൻ സൂപ്പർവൈസറായ ഹനാൻ ഹാജി റെയ്ഡിന്‍റെ കൂടുതൽ വിവരങ്ങളും തുടർനടപടികളും മാധ്യമങ്ങളോട് പങ്കുവെച്ചു. ഉറവിടം വ്യക്തമല്ലാത്തതും ലൈസൻസില്ലാത്തതുമായ ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് അവർ ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി. അതോറിറ്റി ചുമത്തുന്ന പിഴകൾ നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടുമെന്ന് അവർ സ്ഥിരീകരിച്ചു. ലൈസൻസില്ലാതെ ഭക്ഷ്യസ്ഥാപനം ആരംഭിക്കുക, ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ജീവനക്കാർ ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയ വിവിധ നിയമലംഘനങ്ങൾക്ക് 100 ദിനാർ മുതൽ ഒരു ലക്ഷം ദിനാർ വരെയാണ് പിഴ ഈടാക്കുകയെന്നും ഹനാൻ ഹാജി വിശദീകരിച്ചു. പൊതുജനങ്ങളുടെ ആരോഗ്യം മുൻനിർത്തി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്നാണ് സുരക്ഷാ വിഭാഗം അറിയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam