ഫുജൈറയിൽ 23 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ട്രക്ക് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി തീപിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു.

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 18 ചെറുവാഹനങ്ങളും അഞ്ച് ട്രക്കുകളും ഉൾപ്പെടെ 23 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ഒരു ട്രക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടത്തിന്റെ തുടക്കം. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ ഈ വാഹനം, ഗതാഗതക്കുരുക്ക് കാരണം സാവധാനം നീങ്ങിക്കൊണ്ടിരുന്ന മറ്റ് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രക്കിന് തീപിടിക്കുകയും തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയും ചെയ്തത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

എമിറേറ്റിന്റെ അതിർത്തിയിലുള്ള ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് വ്യക്തമാക്കി. ഫുജൈറ കോർണിഷ് റോഡിൽ നിന്ന് ആരംഭിച്ച് അബുദാബിയിലെ ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ റോഡ് വരെ നീളുന്ന പ്രധാന പാതയാണിത്. ഷാർജ, റാസൽഖൈമ എന്നിവയിലൂടെ കടന്നുപോകുന്ന ഈ റോഡ് യുഎഇയുടെ കിഴക്കൻ, മധ്യ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.

പരിക്കേറ്റ 30 പേരിൽ 15 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ആരോഗ്യനിലയ്ക്ക് അനുസരിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇമറാത്തി, ഒമാനി, ഇന്ത്യൻ, ബ്രസീലിയൻ, പാകിസ്താനി, ജോർദാനിയൻ, ഈജിപ്ഷ്യൻ പൗരന്മാരാണ് പരിക്കേറ്റവരിലുള്ളത്. മരിച്ചവരിൽ ഇമറാത്തി പൗരന്മാരും വിദേശികളുമുണ്ട്. കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ ഇന്ത്യൻ പൗരന്മാരും മരിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി ചേർന്ന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ വർഷം യുഎഇയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത്. നേരത്തെ ജൂണിൽ ദുബായ് എമിറേറ്റ്സ് റോഡിൽ തകരാറിലായി നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനിബസ് ഇടിച്ചുകയറി ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.