സൈനിക മേഖലയില്‍ സഹകരണ കരാർ പുതുക്കി ഇന്ത്യയും ഒമാനും

By Web TeamFirst Published May 23, 2021, 9:00 PM IST
Highlights

നാവിക മേഖലയിൽ ഇന്ത്യ - ഒമാൻ സഹകരണം ശക്തിപ്പെടുത്താനും കടൽക്കൊള്ളയടക്കമുള്ള പ്രശ്നങ്ങള്‍ക്കെതിരെ യോജിച്ച് പ്രവർത്തിക്കാനും നേരത്തെ ധാരണയിലെത്തിയിരുന്നു.

മസ്‍കത്ത്: സൈനിക സഹകരണ കരാർ പുതുക്കി ഇന്ത്യയും ഒമാനും. സമുദ്ര സുരക്ഷാ മേഖലയിൽ ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ തമ്മിലുള്ള സഹകരണവും തുടരും. ഇന്ത്യയെ പ്രതിനിധീകരിച്ച് സ്ഥാനപതി മുനു മഹാവർ കരാറില്‍ ഒപ്പുവെച്ചു. നാവിക മേഖലയിൽ ഇന്ത്യ - ഒമാൻ സഹകരണം ശക്തിപ്പെടുത്താനും കടൽക്കൊള്ളയടക്കമുള്ള പ്രശ്നങ്ങള്‍ക്കെതിരെ യോജിച്ച് പ്രവർത്തിക്കാനും നേരത്തെ ധാരണയിലെത്തിയിരുന്നു.

അത്യാധുനിക കപ്പലുകൾ, വിമാനവാഹിനികൾ, പടക്കപ്പലുകൾ തുടങ്ങിയവ രൂപം നൽകുന്നതിനും നിർമിക്കുന്നതിനും നേതൃത്വം നൽകുന്ന ഇന്ത്യൻ നാവിക മേഖലയുമായുള്ള സഹകരണം ഒമാനും ഏറെ ഗുണം ചെയ്യും. ഗൾഫ് കടൽ തീരങ്ങളിലെ സോമാലിയൽ കടൽക്കൊള്ളക്കാരുടെയടക്കം ഭീഷണിയെ നേരിടുന്നതിന് ഇന്ത്യൻ പടക്കപ്പലുകൾക്ക് സാധിച്ചിട്ടുണ്ട്. നാവിക മേഖല അടക്കമുള്ള പ്രതിരോധ രംഗത്തെ ഇന്ത്യ - ഒമാൻ സഹകരണ കരാർ നേരത്തെയും പുതുക്കിയിരുന്നു. 

ഇന്ത്യയും ഒമാനും ഒരുമിച്ച്  സംയുക്ത സൈനിക പരിശീലനവും നടത്തിവരുന്നുണ്ട്. ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിലെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. ഇന്ത്യക്കും ഒമാനും ഇടയിലുള്ള  സൈനിക സഹകരണം ശക്തിപ്പെടുത്തുക, അനുഭവങ്ങളും കഴിവുകളും കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംയുക്ത പരിശീലനത്തിന് പിന്നിലുള്ളത്.

click me!