2027ലെ ഇന്ത്യ-സൗദി ഹജ്ജ് കരാർ ഒപ്പുവെച്ചു; 1.75 ലക്ഷം ഇന്ത്യക്കാർക്ക് അവസരം, മന്ത്രി കിരൺ റിജിജുവിന്റെ സൗദി സന്ദർശനം പൂർത്തിയായി

Published : Nov 13, 2026, 10:50 AM IST
India Saudi Hajj Agreement

Synopsis

2027-ലെ ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു. പുതിയ കരാർ പ്രകാരം 1,75,025 ഇന്ത്യൻ തീർഥാടകർക്ക് അടുത്ത വർഷം ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കും. കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ സൗദി സന്ദർശനവേളയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്.

റിയാദ്: 2027-ലെ ഹജ്ജ് തീർഥാടനത്തിനായുള്ള ഉഭയകക്ഷി കരാറിൽ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിഅയും തമ്മിൽ ജിദ്ദയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാണ് കരാർ ഒപ്പിട്ടത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ഹജ്ജ്) മുഹമ്മദ് അഫ്സലും മന്ത്രിയോടൊപ്പമുണ്ടായിരുന്ന ഉന്നതതല സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

പുതിയ കരാർ പ്രകാരം മുൻ വർഷങ്ങളിലേതിന് സമാനമായി 1,75,025 ഇന്ത്യൻ തീർഥാടകർക്കാണ് അടുത്ത വർഷവും ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിക്കുക. ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ നാല് ദിവസം നീണ്ട സൗദി സന്ദർശനത്തിന്റെ അവസാന ദിനമായ നവംബർ ഒമ്പത് തിങ്കളാഴ്ചയായിരുന്നു ഇരു രാജ്യങ്ങളിലെയും ഹജ്ജ് മന്ത്രിമാർ തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയും കരാർ ഒപ്പിടലും നടന്നത്. 2027-ലെ ഹജ്ജ് തീർഥാടനത്തിനായുള്ള മുൻകൂട്ടിയുള്ള ഒരുക്കങ്ങൾ ഇരുവരും യോഗത്തിൽ സമഗ്രമായി വിലയിരുത്തി. തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ അനുഭവം ഉറപ്പാക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും ലോജിസ്റ്റിക്കൽ പിന്തുണയും ശക്തിപ്പെടുത്താൻ ധാരണയായിട്ടുണ്ട്. തീർഥാടകരുടെ ക്ഷേമത്തിനായി സൗദി ഭരണകൂടം നൽകുന്ന നിരന്തര പിന്തുണയ്ക്ക് കേന്ദ്രമന്ത്രി ഇന്ത്യയുടെ നന്ദി അറിയിച്ചു.

നവംബർ ആറ് മുതൽ ഒമ്പത് വരെ നീണ്ടുനിന്ന സന്ദർശനവേളയിൽ ആറാമത് ഹജ്ജ് കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി കിരൺ റിജിജു പങ്കെടുത്തു. സൗദി ഹജ്ജ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മിനിസ്റ്റീരിയൽ കോൺഫറൻസിൽ പങ്കെടുത്ത അദ്ദേഹം, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് അൽ സഊദുമായും കൂടിക്കാഴ്ച നടത്തി.

ജിദ്ദയിലെ ഇന്ത്യ ഹൗസിൽ സംഘടിപ്പിച്ച 'നൂറെ ദിവാലി' ആഘോഷത്തിൽ പങ്കെടുത്ത മന്ത്രി സൗദി സുഹൃത്തുക്കളുമായും പശ്ചിമ സൗദിയിലെ ഇന്ത്യൻ സമൂഹവുമായും സംവദിച്ചു. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ്, ന്യൂനപക്ഷ മന്ത്രാലയം, ഇന്ത്യൻ ഹജ്ജ് കമ്മിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി 2027-ലെ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തുകയും പങ്കാളികളുടെ ഏകോപിതമായ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഹജ്ജ് മാനേജ്‌മെന്റ്, തീർഥാടകരുടെ ക്ഷേമം, സാംസ്കാരിക കൈമാറ്റം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രി കിരൺ റിജിജുവിന്റെ സൗദി സന്ദർശനം വഴിയൊരുക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫുജൈറയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു; മരിച്ചത് മലപ്പുറം വേങ്ങര സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങൾ
മക്ക ലക്ഷ്യമാക്കി രണ്ട് മിസൈലുകൾ തൊടുത്ത് ഹൂതി; ആകാശത്ത് വെച്ച് തകർത്ത് സൗദി വ്യോമസേന