
ദുബൈ: ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ. ഇരു രാജ്യങ്ങളിലെയും സംഘർഷാവസ്ഥയെ തുടർന്ന് അവധി ആഘോഷിക്കാൻ പോയ യുഎഇ പ്രവാസികളായവർ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിപ്പോയിരുന്നു. ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാലും ഇരു രാജ്യങ്ങളിലെയും മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടതിനാലും പ്രവാസികളായവർക്ക് യുഎഇയിലേക്ക് എത്താൻ കഴിയാതെയായി. ഇപ്പോൾ ചില വിമാനത്താവളങ്ങൾ സാധാരണ ഗതിയിലെത്തിയതോടെയും വിമാന കമ്പനികൾ സർവീസുകൾ പുന:രാരംഭിച്ചതിനാലും യാത്രക്കാർ തിരികെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണ്. ഇതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത്.
സംഘർഷം ആരംഭിക്കുന്നതിന് മുൻപ് അവധിയാഘോഷത്തിന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും നിരവധി പേർ പോയിരുന്നു. ഇവരാണ് മടക്കയാത്രക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. നിരവധി പേരാണ് ഇതുസംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നതെന്ന് യുഎഇയിലെ ട്രാവൽ ഏജന്റുമാർ പറയുന്നു. വിമാന സർവീസുകൾ വീണ്ടും നിർത്തിവെക്കുമോ എന്ന ഭയത്തെ തുടർന്നാണ് പലരും നേരത്തേ തന്നെ തിരിച്ചുവരുന്നതെന്നും ഇവർ പറഞ്ഞു.
മെയ് 17 വരെയുള്ള വിമാന ടിക്കറ്റുകൾക്കാണ് നിലവിൽ ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്. മെയ് 18 മുതലുള്ള ടിക്കറ്റുകൾക്ക് സാധാരണ നിരക്കാണ് നിലവിൽ കാണിക്കുന്നതെന്നും അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ദില്ലിയിൽ നിന്നും ദുബൈയിലേക്കുള്ള വൺവേ വിമാന നിരക്ക് 1290 ദിർഹമാണ്. ഇത് ഏകദേശം 44,670 രൂപ വരും. വെള്ളിയാഴ്ചയോടെ ഇത് 910 ദിർഹമായി കുറയും. അതേസമയം, ദില്ലി-അബുദാബി വിമാന ടിക്കറ്റ് നിരക്ക് തിങ്കളാഴ്ച 51,600 രൂപയും ചൊവ്വാഴ്ച 90,300 രൂപയുമാണ് ഈടാക്കുന്നത്. നിരവധി പേർ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതോടെ ദില്ലിയിൽ നിന്നും ഷാർജയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1360 ദിർഹത്തിനും 1180 ദിർഹത്തിനും ഇടയിലെത്തിയിട്ടുണ്ട്.
അതേസമയം, യുഎഇ വിമാനക്കമ്പനികളുടെ ലാഹോറിൽ നിന്ന് ദുബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഏകദേശം 700,000 പാകിസ്ഥാൻ രൂപ (9,100 ദിർഹം) വരെ എത്തി. വെള്ളിയാഴ്ച ഇത് ഏകദേശം 390,000 പാകിസ്ഥാൻ രൂപ (5,100 ദിർഹം) ആയി കുറയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ