മസ്കറ്റിലെ 'ബുക്ക് ഫെസ്റ്റ് 2023' ഇന്ത്യൻ സ്ഥാനപതി ഉദ്ഘാടനം ചെയ്തു

By Web TeamFirst Published Jan 13, 2023, 5:13 PM IST
Highlights

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടത്തുന്ന പുസ്തകോത്സവം മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ദാർസൈറ്റിലുള്ള  മൾട്ടി പർപ്പസ് ഹാളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.

മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഇന്ത്യൻ എംബസിയുമായി സഹകരിച്ചു  നടത്തുന്ന 'ബുക്ക് ഫെസ്റ്റ് 2023'ന് തുടക്കമായി. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ഒമാനി എഴുത്തുകാരായ ഡോ. സഈദ് അൽ സഖ്ലാവി, ഡോ. അലി മെഹ്ദി, നസ്റ അൽ അദവി, ജാസിം ഇസ്സ ഉബൈദ് അൽ ഖർത്തൂബി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നാലു ദിവസം നീണ്ടു നിൽക്കുന്ന മേള ജനുവരി പതിനഞ്ച് ഞാറാഴ്ച അവസാനിക്കും.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടത്തുന്ന പുസ്തകോത്സവം മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ദാർസൈറ്റിലുള്ള  മൾട്ടി പർപ്പസ് ഹാളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബുക്ക് ഫെസ്റ്റിൽ ഒമാനിലെ പ്രമുഖ എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്. ഇംഗീഷ്, അറബിക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലുള്ള അര ലക്ഷത്തിൽ അധികം പുസ്തകങ്ങളാണ് മേളയിൽ ഉള്ളത്. രാവിലെ പത്തു മണി മുതൽ മുതൽ രാത്രി പത്തു മണിവരെയാണ് പ്രദർശനം.

സാഹിത്യ ചർച്ചകൾ, സംവാദങ്ങൾ, പാനൽ ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ തുടങ്ങിയ പരിപാടികള്‍ ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി നടക്കും. കുട്ടികളെ വായനയിലേക്ക് ആകർഷിക്കാന്‍ ലക്ഷ്യമിട്ട് കളറിംഗ് മത്സരം, കവിതാ പാരായണം, ചെറുകഥാ രചന, പുസ്തക നിരൂപണം എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഫിക്ഷൻ, നോൺ ഫിക്ഷൻ, ചെറുകഥ, നോവൽ അക്കാദമിക്, സ്റ്റഡി ഗൈഡുകൾ, വ്യാകരണ പുസ്തകങ്ങൾ എന്നിവയുടെ വലിയ ശേഖരമാണ് വായനകാർക്കായി ബുക്ക്‌ ഫെസ്റ്റിൽ എത്തിച്ചിട്ടുള്ളത്.

Read also: സ്വദേശിവത്കരണം; ഈ അദ്ധ്യയന വര്‍ഷം അവസാനിക്കുന്നതോടെ 1875 അധ്യാപകരെ പിരിച്ചുവിടാന്‍ നിര്‍ദേശം
 

click me!