സൗദി അറേബ്യയിലെ പുതിയ അംബാസഡർക്ക് ഇന്ത്യൻ പൗരാവലിയുടെ പ്രൗഢ സ്വീകരണം

Published : Feb 27, 2023, 09:46 PM IST
സൗദി അറേബ്യയിലെ പുതിയ അംബാസഡർക്ക് ഇന്ത്യൻ പൗരാവലിയുടെ പ്രൗഢ സ്വീകരണം

Synopsis

ഡെപ്യുട്ടി ചീഫ് ഓഫ് മിഷനായി റിയാദിൽ ഏറെക്കാലം സേവനമനുഷ്‌ടിച്ച ഡോ: സുഹേൽ റിയാദിലെ ഇന്ത്യൻ സമൂഹത്തിന് സുപരിചിതനാണ്.

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡറായ ചുമതലയേറ്റ ഡോ: സുഹൈൽ അജാസ് ഖാന് ഇന്ത്യന്‍ സമൂഹം സ്വീകരണം നൽകി. റിയാദ് മുറബ്ബ ക്രൗൺ പ്ലാസ ഹോട്ടൽ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ  വിവിധ സംഘടനകളെയും, സ്ഥാപനങ്ങളെയും, കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് 300 ഓളം ആളുകൾ പങ്കെടുത്തു. പൂച്ചെണ്ടുകളും തലപ്പാവും പൊന്നാടയും ഉറുദു കവിതകളിലെ മനോഹരമായ വരികളുമാണ്  അംബാസഡർക്ക് പൗരാവലി സ്‍നോപഹാരമായി നൽകിയത്.

നേരത്തെ ഡെപ്യുട്ടി ചീഫ് ഓഫ് മിഷനായി റിയാദിൽ ഏറെക്കാലം സേവനമനുഷ്‌ടിച്ചിട്ടുള്ള ഡോ: സുഹൈൽ, റിയാദിലെ ഇന്ത്യൻ സമൂഹത്തിന് സുപരിചിതനാണ്. പ്രവാസി സമൂഹം നൽകിയ ഊഷ്‍മള വരവേൽപ്പിന് അംബാസഡർ ഹൃദ്യമായ നന്ദി അറിയിച്ചു. പൂര്‍ണമായും പ്രവാസികളുടെ ക്ഷേമത്തിനും സഹായത്തിനും ഇന്ത്യൻ എംബസി സദാ സന്നദ്ധമാണെന്നും എംബസിയുടെ സേവന കവാടങ്ങള്‍ 24  മണിക്കൂറും ഇന്ത്യൻ സമൂഹത്തിന് മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും സ്ഥാനപതി വ്യക്തമാക്കി.

25  ലക്ഷത്തിലേറെ  ഇന്ത്യക്കാരുള്ള  സൗദി അറേബ്യയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ പാലമാണ് പ്രവാസികള്‍. ഇന്ത്യക്കാര്‍ സൗദി അറേബ്യയുടെ വികസനത്തിനു നല്‍കിയ സംഭാവനകളെ ഭരണാധികാരികള്‍ അംഗീകരിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് നിരവധി പദ്ധതികളാണ് ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്. പ്രവാസികളുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പ് ഉൾപ്പടെയുള്ള പദ്ധതികൾ സ്ഥാനപതി എടുത്തു പറഞ്ഞു.

ഇന്ത്യ-സൗദി ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 75-ാമത് സ്വാതന്ത്ര്യ ദിനം 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്ന വേളയില്‍ ഇരു രാഷ്ട്രങ്ങളുടെയും ബന്ധം കൂടുതല്‍ സുദൃഢമായി. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവും സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനവും സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗത്ത് കൂടുതല്‍ മുന്നേറാന്‍ സഹായിച്ചു. കഴിഞ്ഞ വര്‍ഷം മന്ത്രിമാരുടെ നേതൃത്വത്തിലുളള ഉന്നതതല പ്രതിനിധി സംഘങ്ങള്‍ നടത്തിയ സന്ദര്‍ശനം വിവിധ മേഖലകളില്‍ കൂടുതല്‍ വിനിമയങ്ങള്‍ക്ക് ഇടയാക്കിയെന്നും സ്ഥാനപതി പറഞ്ഞു.

സൗദിയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2021-22 വര്‍ഷം 42 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഊഷ്മളമായ സൗഹൃദത്തിലാണ് ഇന്ത്യയും സൗദിയുമെന്ന് മറുപടി പ്രസംഗത്തിൽ അംബാസഡർ പറഞ്ഞു. സല്‍മാന്‍ ഖാന്‍, അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ ഇന്ത്യയുടെ പ്രതിഭകൾ സൗദി അറേബ്യയുടെ വിനോദ,സാംസ്‌കാരിക പരിപാടികളിൽ സംബന്ധിക്കാൻ  അതിഥികളായെത്തിയതിലുള്ള ആഹ്ളാദവും സ്ഥാനപതി പങ്ക് വെച്ചു.

എം എസ് കരീമുദ്ധീൻ (പ്രവാസി ഭാരതീയ സമ്മാൻ ജേതാവ്), അഷ്‌റഫ് വേങ്ങാട്ട് (കെ എം സി സി), സൈനുൽ ആബിദ് (എം ഇ എസ്), നവാസ് റഷീദ് (സിജി), സത്താർ കായംകുളം (എൻ ആർ കെ), റസാഖ് പൂക്കോട്ടുംപാടം (ഒഐസിസി), താജുദ്ധീൻ ഓമശ്ശേരി (തനിമ സാംസ്കാരികവേദി), വി എം അഷ്‌റഫ് (ന്യൂ സഫ മക്ക), മുഹമ്മദ് അസ്‌ലം (താസ് ആൻഡ് ഹംജിത്‌) അഹമ്മദ് ഇംതിയാസ്‌ (തമിഴ് ഫൈനാഡ്സ്),സക്കീർ ദാനത്ത് (പാപ്പ),ജംഷാദ് തുവ്വൂർ (തുവ്വൂർ അസോസിയേഷൻ), എന്നിവർ ഉൾപ്പടെ 60 ഓളം പേരും റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഉൾപ്പടെയുള്ള സംഘടനകളും അംബാസഡർക്ക് പൂച്ചെണ്ടുകൾ നൽകി.

ഇന്ത്യന്‍ കമ്യൂണിറ്റി സ്റ്റിയറിംഗ് കമ്മറ്റി സംഘടകരായുള്ള  പരിപാടിയില്‍ ഷിഹാബ് കൊട്ടുകാട്, സാജന്‍ ലത്തീഫ്, നിയാസ് അഹമദ്, മിസ്ബാഹ് ഇമിഫീന്‍, മുഹമ്മദ് ഗുലാം, സന്തോഷ് ഷെട്ടി, സതീഷ് കുമാര്‍ ദീപക്, സുല്‍താന്‍ മസ്ഹറുദ്ദീന്‍, അഹ്മദ് ഇംതിയാസ്, അബ്‌റാര്‍ ഹുസൈന്‍, മുഹമ്മദ് മുബീന്‍, ഇനാമുല്ല അസിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സലിം മുഹിയുദ്ദീന്‍, മൈമൂന അബാസ്, തഖിയുദ്ദീന്‍ മിര്‍ എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സൈഗം ഖാന്‍ സ്വാഗതവും അബ്ദുല്‍ അഹദ് സിദ്ദീഖി നന്ദിയും പറഞ്ഞു.

Read also: മലയാളി ഉംറ തീര്‍ത്ഥാടക മക്കയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ