ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിർദേശവുമായി ഇന്ത്യൻ എംബസി; ട്രാൻസിറ്റ് യാത്രക്കാരും ശ്രദ്ധിക്കണം

By Web TeamFirst Published Apr 19, 2024, 2:43 PM IST
Highlights

ദുബൈ വിമാനത്താവളത്തിൽ ഇന്ത്യൻ പൗരന്മാർക്ക് സഹായം നൽകാനായി അവിടുത്തെ കോൺസുലേറ്റ് 24 മണിക്കൂറും പ്രവ‍ർത്തിക്കുന്ന എമർജൻസി ഹെൽപ്‍ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്.

അബുദാബി: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ‍ർവീസുകൾ പൂർണമായി സാധാരണ നിലയിൽ എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്കായി എംബസി പ്രത്യേകം നിർദേശങ്ങൾ പുറത്തിറക്കി. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നത് വരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയും ദുബൈ വഴിയുള്ള ട്രാൻസിറ്റ് യാത്രകളും വളരെ അത്യാവശ്യമല്ലെങ്കിൽ മാറ്റിവെയ്ക്കണമെന്നാണ് പ്രധാന നിർദേശം.

ഈയാഴ്ചയിലെ അസാധാരണ കാലാവസ്ഥാ സാഹചര്യത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സർവീസുകളുടെ എണ്ണം കുറച്ചിരിക്കുകയാണ്. എല്ലാം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ യുഎഇ അധികൃത‍ർ മുഴുവൻ സമയവും പരിശ്രമിക്കുമ്പോൾ തന്നെ ഇത്തരമൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലാത്തതാണ്. വിമാനം എത് ദിവസം, ഏത് സമയം പുറപ്പെടുമെന്ന് ബന്ധപ്പെട്ട വിമാന കമ്പനിയിൽ നിന്ന് അന്തിമ അറിയിപ്പ് കിട്ടുന്നത് വരെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് വിമാനത്താവള അധികൃതർ തന്നെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുബൈ വഴിയുള്ള ട്രാൻസിറ്റ് യാത്രകളും ദുബൈയിലേക്ക് നേരിട്ടുള്ള യാത്രകളും തത്കാലത്തേക്ക് ഒഴിവാക്കണമെന്ന് നിർദേശം നൽകുന്നതായി ഇന്ത്യൻ എംബസി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.

ദുബൈ വിമാനത്താവളത്തിൽ ഇന്ത്യൻ പൗരന്മാർക്ക് സഹായം നൽകാനായി അവിടുത്തെ കോൺസുലേറ്റ് 24 മണിക്കൂറും പ്രവ‍ർത്തിക്കുന്ന എമർജൻസി ഹെൽപ്‍ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏപ്രിൽ 17 മുതൽ പ്രവ‍ർത്തിക്കുന്ന ഈ ഹെൽപ്‍ലൈനിലേക്ക് +971501205172, +971569950590, +971507347676, +971585754213 എന്നീ നമ്പറുകളിൽ വിളിക്കാമെന്നും എംബസി അറിയിച്ചു.

ഏപ്രിൽ 19 രാത്രി 12 മണി വരെ ദുബൈ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ദുബൈയിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടരും.

click me!