
ദോഹ: രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ രാവിലെ ഏഴു മണിക്ക് ദേശീയ പതാക ഉയർത്തി.
തുടർന്ന് അശോക ഹാളിൽ നടന്ന ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ അംബാസഡർ വിപുൽ വായിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ഖത്തർ അമീർ നടത്തിയ വിജയകരമായ ഇന്ത്യൻ സന്ദർശനത്തെ കുറിച്ച് എടുത്തുപറഞ്ഞ അംബാസഡർ ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ ആഴം വർദ്ധിപ്പിക്കുന്നതിനെയും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനെയും കുറിച്ചും സംസാരിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്കും രക്ഷാകർതൃത്വത്തിനും അമീർ ശൈയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും ഖത്തർ സർക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ സമൂഹം ഇന്ത്യയുടെ വികസനത്തിലും ലോകവുമായുള്ള ബന്ധം വളർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നുവെന്ന് അംബാസഡർ പറഞ്ഞു. സാമൂഹിക പുരോഗതിയും ക്ഷേമവും ഉറപ്പാക്കുന്നതിൽ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുടെ പിന്തുണയ്ക്കും അംബാസഡർ അഭിനന്ദനവും നന്ദിയും അറിയിച്ചു.
നാന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളും വിദ്യാർത്ഥികളും അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും വിവിധ കലാപരിപാടികളും സാംസ്‌കാരിക പ്രകടനങ്ങളും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് ചാനലിലും യൂട്യൂബിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വൈകീട്ട് 5.30ന് ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും സംയുകതമായി 'ഭാരത് ആസാദി കി രംഗ് -2025' കൾച്ചറൽ ഇവന്റും സംഘടിപ്പിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ അംബാസഡർ വിപുൽ മുഖ്യാതിഥിയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam