
ദോഹ: ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി. നിരോധിത മരുന്നുകളുമായി ഖത്തറിലേക്ക് വരരുതെന്നാണ് എംബസി മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്ന ലോകകപ്പ് ആരാധകര്‍ക്കായി എംബസി പുറത്തിറക്കിയ യാത്രാ നിര്‍ദ്ദേശത്തിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്.
നാര്‍കോട്ടിക് കണ്ടന്‍റുകള്‍ ഉള്ളതും മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായ പല മരുന്നുകളും ഖത്തറിലേക്ക് കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്. ഖത്തറില്‍ നിരോധിച്ച മരുന്നുകളുടെ പൂര്‍ണ ലിസ്റ്റ് ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഖത്തറിലുള്ള ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വേണ്ടി മരുന്നുകള്‍ കൊണ്ടുവരരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. വ്യക്തിഗത ഉപയോഗത്തിനായി ഖത്തറില്‍ നിരോധിച്ചിട്ടില്ലാത്ത മരുന്നുകള്‍ കൊണ്ടുവരാം. സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ കൈവശം ഉണ്ടാകണം. നിരോധിത മരുന്നുകള്‍ കൊണ്ടുവരുന്നത് അറസ്റ്റിനും ജയില്‍ശിക്ഷയ്ക്കും ഇടയാക്കുമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
Read More - ഫുട്ബോള്‍ ലോകകപ്പ്: ലോകകപ്പിന്‍റെ മാതൃകയിലുള്ള 144 വ്യാജ ട്രോഫികള്‍ പിടിച്ചെടുത്ത് ഖത്തര്‍
ഖത്തര്‍ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്കായി ഇന്ത്യൻ എംബസി ഹെൽപ് ലൈന്‍ സേവനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.. അടിയന്തര ഘട്ടങ്ങളിൽ ലോകകപ്പിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് 39931874, 399936779, 39934308 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
വാട്സ് ആപ്പ് മുഖേനയും ഇന്ത്യക്കാര്‍ക്ക് ഈ നമ്പറുകളിൽ സഹായം തേടാം. ഇതിനു പുറമേ എംബസിയുടെ ട്വിറ്റര്‍, ഫേസ് ബുക്ക് പേജുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വിശദാംശങ്ങൾ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമായിരിക്കും. അടിയന്തരഘട്ടങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെട്ടാൽ ഖത്തര്‍ പൊലീസിൻറെ സഹായം തേടാവുന്നതാണെന്നും എംബസി അറിയിച്ചിട്ടുണ്ട്.
Read More - വാട്സ്ആപിലൂടെ സഹപ്രവര്‍ത്തകനെ തെറി വിളിച്ച യുവതി അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം
ഡിസംബര്‍ രണ്ടു മുതല്‍ മാച്ച് ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലെത്താന്‍ അവസരമുണ്ട്. ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്തറിലേക്ക് യാത്ര ചെയ്യേണ്ടത്. ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. 500 റിയാല്‍ ഫീസ് ഈടാക്കും. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം. മാച്ച് ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഖത്തറിലേക്കുള്ള ഹയ്യാ കാര്‍ഡിന് അപേക്ഷിക്കാനാകുക. നവംബര്‍ 20ന് ആരംഭിക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിന് പൂര്‍ത്തിയാകും. ഇതോടെയാണ് ടിക്കറ്റില്ലാത്തവര്‍ക്കും ഖത്തറിലേക്ക് പോകാന്‍ അവസരം ലഭിക്കുക. ഖത്തര്‍ 2022 മൊബൈല്‍ ആപ് വഴിയോ ഹയ്യാ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ