
റിയാദ്: തണുപ്പിനെ പ്രതിരോധിക്കാൻ താമസിക്കുന്ന മുറിയുടെ ഒരു ഭാഗത്ത് കരി കത്തിച്ച് ഉറങ്ങിയതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ചു മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തെലങ്കാന നിർമൽ മണ്ടൽ സ്വദേശി അബ്ദുൽ സത്താർ (35) ആണ് ഒരു മാസം മുമ്പ് റിയാദ് മലസിൽ റൂമിൽ വിഷവാതകം ശ്വസിച്ച് മരിച്ചത്.
തണുപ്പിനെ പ്രതിരോധിക്കാൻ മുറി ചൂടാക്കുന്നതിനായി ഒരു ഭാഗത്ത് കരി കത്തിച്ചുവെച്ചാണ് ഇദ്ദേഹം ഉറങ്ങിയത്.
രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ കരി കത്തിച്ചതിന്റെ അടയാളങ്ങളുണ്ടായിരുന്നു. ശേഷം, പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരി കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും അടച്ചിട്ട മുറിയിൽ കരി കത്തിച്ചതാണ് മരണ കാരണമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ടിലുമുണ്ട്.
ഫോറൻസിക് റിപ്പോർട്ട് ലഭിക്കാനും മറ്റു നടപടികൾ പൂർത്തിയാക്കാനും വൈകിയത് കാരണം മൃതദേഹം നാട്ടിലെത്തിക്കാൻ കാലതാമസമെടുത്തു. ഇതോടെ വിഷയത്തിൽ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ ഇടപെട്ട് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.
തണുപ്പിനെ പ്രതിരോധിക്കാൻ മുറിയിൽ കരി കത്തിച്ച് ഈ സീസണിൽ നാല് ഇന്ത്യക്കാരാണ് മരിച്ചത്. എല്ലാവരും വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. മുറിയിൽ കരി കത്തിച്ച് ഉറങ്ങരുതെന്ന് സിവിൽ ഡിഫൻസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. മുറി അടച്ചിട്ട് കത്തിക്കുന്നത് കാരണമാണ് ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത്. തണുപ്പകറ്റാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ