വിസ റദ്ദാക്കി നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയി; ദുബായില്‍ കുടുങ്ങിയയാള്‍ നാട്ടിലെത്തി

By Web TeamFirst Published Jul 5, 2020, 11:29 AM IST
Highlights

ആറ് വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന ഷാജഹാന്‍ കൊവിഡ് പശ്ചാത്തലത്തില്‍ ജോലിയില്ലാതായതിനെ തുടര്‍ന്നാണ് വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. 

ദുബായ്: വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയ മലയാളി ദുബായില്‍ കുടുങ്ങി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഷാജഹാനാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത്. മുസഫയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന അദ്ദേഹം വെള്ളിയാഴ്ച  തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സ് ജംബോ വിമാനത്തിലായിരുന്നു നാട്ടിലേക്ക് വരേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടിയ അദ്ദേഹം കഴിഞ്ഞ ദിവസം മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തി.

ആറ് വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന ഷാജഹാന്‍ കൊവിഡ് പശ്ചാത്തലത്തില്‍ ജോലിയില്ലാതായതിനെ തുടര്‍ന്നാണ് വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച കെ.എം.സി.സി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു അദ്ദേഹം യാത്രയ്ക്കൊരുങ്ങിയത്. കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ എത്തുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊവിഡ് റാപ്പിഡ് പരിശോധന നടത്തി.  ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ വിശ്രമിക്കുകയായിരുന്നു. വൈകുന്നേരം നാലരയോടെ ഉറക്കത്തിലായി.

വിമാനത്തില്‍ കയറേണ്ട സമയമായിട്ടും അദ്ദേഹം ഉറക്കമുണര്‍ന്നില്ല. വിമാനം പുറപ്പെടുന്ന സമയമായപ്പോള്‍ അധികൃതര്‍ അന്വേഷിച്ചെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. തുടര്‍ന്ന് വിമാനം പുറപ്പെടുകയായിരുന്നു. വിസ റദ്ദാക്കിയതിനാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനും സാധിച്ചില്ല. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ നാട്ടിലെത്താനായി ശ്രമം.തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരത്തെ എമിറേറ്റ്സ് വിമാനത്തിലാണ് നാട്ടിലെത്തിയത്.

click me!