യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് ഫീസ് ഈടാക്കാതെ പുതിയ പാസ്‍പോര്‍ട്ട് നല്‍കും

By Web TeamFirst Published Aug 12, 2022, 4:36 PM IST
Highlights

അപേക്ഷകള്‍ സ്വീകരിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമായി വിപുലമായ സംവിധാനങ്ങളാണ് കോണ്‍സുലേറ്റ് ഒരുക്കിയിരിക്കുന്നതെന്ന് അപേക്ഷ നല്‍കിയ പ്രവാസികള്‍ പ്രതികരിച്ചു. 

ഫുജൈറ: യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ പ്രവാസികളില്‍ നിന്ന് പുതിയ പാസ്‍പോര്‍ട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയ ബാധിതര്‍ക്കായി കോണ്‍സുലേറ്റ് പ്രത്യേക പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണിപ്പോള്‍. പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ വലിയ നഷ്ടങ്ങള്‍ സംഭവിച്ച പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് കോണ്‍സുലേറ്റിന്റെ നടപടി.

പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമാവുകയോ നശിച്ചുപോവുകയോ ചെയ്‍ത എണ്‍പതോളം പ്രവാസികള്‍ ഇതുവരെ പാസ്ർപോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്‍കിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അപേക്ഷകള്‍ സ്വീകരിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമായി വിപുലമായ സംവിധാനങ്ങളാണ് കോണ്‍സുലേറ്റ് ഒരുക്കിയിരിക്കുന്നതെന്ന് അപേക്ഷ നല്‍കിയ പ്രവാസികള്‍ പ്രതികരിച്ചു. 

കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ പാസ്‍പോര്‍ട്ടുകള്‍ നഷ്‍ടമായവര്‍ രേഖകള്‍ സഹിതം പാസ്‍പോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്‍കി. എല്ലാവരുടെയും ഫീസ് ഒഴിവാക്കി നല്‍കുകയും രണ്ട് മണിക്കൂര്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‍തു. ഫീസ് ഒഴിവാക്കിയതു വഴി വലിയ സാമ്പത്തിക ബാധ്യത ഒഴിവായെന്നും പ്രളയത്തില്‍ ദുരിതം അനുഭവിച്ച പ്രവാസികളിലൊരാള്‍ പ്രതികാരിച്ചു. 

യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകരും കോണ്‍സുലേറ്റിന്റെ നടപടികളെ സ്വാഗതം ചെയ്‍തു. സ്വീകരിക്കുന്ന അപേക്ഷകള്‍ പരിശോധനയ്‍ക്കായി അയക്കുകയാണ് ചെയ്യുന്നത്. പരിശോധനയ്ക്ക് കുറച്ച് സമയമെടുക്കുമെങ്കിലും നടപടികള്‍ എളുപ്പത്തിലാക്കിയത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്. പ്രളയ ബാധിതരായ പ്രവാസികളെ സഹായിക്കുന്ന കാര്യത്തില്‍ മറ്റ് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച പ്രവര്‍ത്തനമാണ്  ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തുന്നതെന്നും പ്രവാസികള്‍ പ്രതികരിച്ചു.

യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് നേരത്തെ അറിയിച്ചിരുന്നു. 'പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്‍ത ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും' ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‍പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ആന്റ് എജ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read also:  ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവും

click me!