റിയാദ് സീസണിൽ ഇന്ത്യൻ വാരാഘോഷങ്ങൾക്ക് തുടക്കം

By Web TeamFirst Published Nov 27, 2022, 10:11 PM IST
Highlights

'സാരി ഉടുത്തുവരൂ, ഇന്ത്യന്‍ പരിപാടികള്‍ ആസ്വദിക്കൂവെന്നാണ്' റിയാദ് സീസണ്‍ ഇന്ത്യന്‍ സീസണിന് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

റിയാദ്: റിയാദ് സീസണിന്റെ വേദികളിലൊന്നായ സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ത്യയുടെ വിവിധ തനത് കലാപരിപാടികളും രുചിക്കൂട്ടുകളും ആസ്വദിക്കാനും ഇന്ത്യന്‍ വസ്ത്രങ്ങളെയും മറ്റു ഉല്‍പന്നങ്ങളെയും സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും അടുത്തറിയാനും സാധ്യമാകുന്ന വിധത്തിലാണ് ഇന്ത്യന്‍ വാരം സജ്ജീകരിച്ചിട്ടുള്ളത്.

'സാരി ഉടുത്തുവരൂ, ഇന്ത്യന്‍ പരിപാടികള്‍ ആസ്വദിക്കൂവെന്നാണ്' റിയാദ് സീസണ്‍ ഇന്ത്യന്‍ സീസണിന് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പൊറോട്ടയുടെയും കറികളുടെയും സാരിയുടെയും നിറങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ പരമ്പരാഗത വസ്ത്രം ധരിച്ച് നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന വീഡിയോ പോസ്റ്റ് ചെയ്താണ് റിയാദ് സീസണ്‍ അധികൃതര്‍ ഇന്ത്യന്‍ വാരം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാന്‍, സുഡാന്‍, ശ്രീലങ്ക, ഫിലിപൈന്‍സ്, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ വാരം ഇതിനകം വിജയകരമായി പൂര്‍ത്തിയായി.

സുവൈദിയിലെ കാരിഫോറിന് സമീപമാണ് സുവൈദി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പ്രവേശനത്തിന് സൗജന്യ ടിക്കറ്റ് ടിക്കറ്റ് എംഎക്‌സ് ആപ് വഴി എടുത്ത് പ്രവേശന കവാടത്തില്‍ ബാര്‍കോഡ് കാണിക്കണം. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 12 മണിവരെയാണ് പ്രവര്‍ത്തന സമയം. മറ്റെല്ലാ രാജ്യത്തേക്കാളും ഇന്ത്യന്‍ വാരം കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.

Read More - ജിദ്ദ മഴക്കെടുതിയില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

അതേസമയം ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 10-ാമത് അംബാസഡേഴ്സ് ചോയ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. 13 വിദേശ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് നവംബർ 24 മുതൽ ഡിസംബർ 16 വരെ നടക്കുന്ന മേളയിൽ ലോകത്തെ വിവിധ ഭാഷകളിലുള്ള 14 സിനിമികൾ പ്രദർശിപ്പിക്കും.

Read More - സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

റിയാദിലെ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ മേഖല ഡയറക്ടർ മിഷാൽ അൽസാലെഹ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഷാർഷെ ദഫെ എം.ആർ. സജീവും വിവിധ എംബസികളുടെ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു. ചലച്ചിത്ര മേളയുടെ ഔദ്യോഗിക പോസ്റ്റർ വിശിഷ്ടാതിഥികൾ ചേർന്ന് പ്രകാശനം ചെയ്തു.

click me!