
റിയാദ്: പല മേഖലകളിലും ഇന്ത്യന്‍ വനിതകള്‍ തിളങ്ങാറുണ്ട്. വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ നിരവധി സ്ത്രീകളുണ്ട്. ഈ നിരയിലേക്ക് എത്തുകയാണ് ഹൈദരാബാദില്‍ താമസിക്കുന്ന ഇന്ദിര ഈഗളപതി.
സൗദി അറേബ്യയിലെ റിയാദ് മെട്രോയില്‍ ലോക്കോ പൈലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏതാനും വനിതകളില്‍ ഇന്ദിരയുമുണ്ട്. ഇപ്പോള്‍ ട്രയല്‍ ഘട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് മെട്രോയില്‍ ജോലി ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് ഇന്ദിര റിയാദ് മെട്രോയില്‍ അവസരമുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് അപേക്ഷ അയയ്ക്കുകയായിരുന്നു. 2019ല്‍ ഇന്ദിരയും ഇന്ത്യക്കാരായ മറ്റ് രണ്ടുപേരും റിയാദ് മെട്രോയുടെ ഭാഗമായെങ്കിലും കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ആദ്യ ഘട്ട പരിശീലനം വെര്‍ച്വലായി നടത്തേണ്ടി വന്നു. ഇപ്പോള്‍ ട്രയല്‍ റണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2025 തുടക്കത്തില്‍ തന്നെ റിയാദ് മെട്രോ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
'ഈ ലോകോത്തര പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇന്ദിര പറഞ്ഞു. 33കാരിയായ ഇന്ദിര ഈഗളപതി, ട്രെയിന്‍ പൈലറ്റായും സ്റ്റേഷന്‍ ഓപ്പറേഷന്‍സ് മാസ്റ്ററായും കഴിഞ്ഞ 5 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇത് വളരെ മികച്ച അനുഭവമാണ്. സൗദി അറേബ്യയിലെ ജനങ്ങള്‍ വളരെയേറ സൗഹാര്‍ദ്ദപരമായി പെരുമാറുന്നവരാണ്, അവരുടെ സംസ്കാരവും മികച്ചതാണ്. 5 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന് സങ്കല്‍പ്പിക്കാനാകുന്നില്ല'- ഇന്ദിര വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
സ്ത്രീയെന്ന നിലയില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും ഇവിടെ തുല്യമായ അവസരങ്ങളാണ് ലഭിക്കുന്നത്, പക്ഷപാതമില്ലെന്നും അവര്‍ പറഞ്ഞു. ആന്ധാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ധൂല്ലിപല്ല സ്വദേശിനിയായ ഇന്ദിര, 2006 മുതല്‍ ഹൈദരാബാദിലാണ് താമസം. മെക്കാനിക്കായ പിതാവ് തങ്ങള്‍ മൂന്ന് മക്കളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലായിരുന്നെന്ന് ഇന്ദിര പറയുന്നു. 'ഇടത്തരം കുടുംബത്തില്‍ ജനിച്ചെങ്കിലും വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പിതാവ് ശ്രമിച്ചിരുന്നു. ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ വിവാഹമാണ് പ്രധാനപ്പെട്ടതെന്ന് നമ്മുടെ കുടുംബങ്ങള്‍ കരുതാറുണ്ട്, എന്നാല്‍ എന്‍റെ പിതാവിന് വിദ്യാഭ്യാസമാണ് പ്രധാനം' - ഇന്ദിര കൂട്ടിച്ചേര്‍ത്തു.
ഇന്ദിരയുടെ മൂത്ത സഹോദരി അധ്യാപികയും ഇളയ സഹോദരി ഹൈദരാബാദ് മെട്രോയില്‍ ട്രെയിന്‍ പൈലറ്റായി ജോലി ചെയ്യുകയുമാണ്. മെട്രോയിലെ മെയിന്‍റനന്‍സ് വിഭാഗത്തിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. 2022ല്‍ ഇന്ദിരയെ ലോകകപ്പ് ഫുട്ബോളിന്‍റെ ക്രൗഡ് മാനേജ്മെന്‍റ് സപ്പോര്‍ട്ടിനായി ദോഹയിലേക്ക് അയച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ