പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

Published : Jun 29, 2026, 04:42 PM IST
Saudi Workers

Synopsis

സൗദി അറേബ്യയിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിലധികമായ പ്രവാസി തൊഴിലാളികളെ തൊഴിലുടമയുടെ രേഖകളിൽ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യുമെന്ന് മാനവശേഷി മന്ത്രാലയം.  

റിയാദ്: സൗദി അറേബ്യയിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത പ്രവാസി തൊഴിലാളികൾക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിലധികമായ തൊഴിലാളികളെ തൊഴിലുടമയുടെ റെക്കോർഡുകളിൽ നിന്ന് ജൂലൈ ഒന്ന് മുതൽ ഔദ്യോഗികമായി നീക്കം ചെയ്യും. മന്ത്രാലയത്തിന് കീഴിലുള്ള ‘ക്വിവ’ (Qiwa) പ്ലാറ്റ്‌ഫോം വഴിയാണ് ഈ നടപടികൾ ആരംഭിക്കുന്നത്. സ്റ്റാറ്റസ് നിയമാനുസൃതമാക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കാൻ ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ, അതല്ലെങ്കിൽ സ്പോൺസർഷിപ്പ് മാറ്റുന്നതിനോ ഉള്ള അവസാന തീയതി നാളെ (ജൂൺ 30 ചൊവ്വാഴ്ച) ആണ്. ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിൽ കൂടുതലായാൽ, അവരെ അതത് തൊഴിൽ സ്ഥാപനത്തിെൻറ റെക്കോർഡുകളിൽ നിന്ന് സിസ്റ്റം സ്വയമേവ നീക്കം ചെയ്യുമെന്ന് ‘ക്വിവ’ വിശദീകരിച്ചു. ഇത്തരത്തിൽ നീക്കം ചെയ്യപ്പെടുന്നതോടെ ഫലത്തിൽ പ്രവാസി തൊഴിലാളി 'ഹുറൂബ്' (തൊഴിലുടമയിൽ നിന്ന് നിയമവിരുദ്ധമായി ഒളിച്ചോടി) എന്ന അവസ്ഥയിലാകും.

എന്നാൽ, കൃത്യമായ വർക്ക് പെർമിറ്റ് ഇല്ലാതെ തൊഴിലാളി ജോലി ചെയ്ത കാലയളവിലെ എല്ലാ സാമ്പത്തിക ബാധ്യതകൾക്കും (അതുവരെ കുടിശ്ശികയായ തുക) നീക്കം ചെയ്യുന്ന തീയതി വരെ തൊഴിലുടമ തന്നെ ഉത്തരവാദിയായിരിക്കും. അതിനാൽ നിശ്ചിത സമയപരിധിക്ക് മുൻപ് തൊഴിലാളികളുടെ സ്റ്റാറ്റസ് ശരിയാക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്ന് ക്വിവ തൊഴിലുടമകളോട് അടിയന്തിരമായി ആവശ്യപ്പെട്ടു. ഈ നടപടിക്രമത്തിൽ നിന്ന് തൊഴിലാളിയെ ഒഴിവാക്കുന്നതിനുള്ള ഒരു പ്രത്യേക സാഹചര്യവും പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടുണ്ട്.

വർക്ക് പെർമിറ്റിന്റെ കാലാവധി തീരുന്ന തീയതിയും റെസിഡൻസി പെർമിറ്റിന്റെ (ഇഖാമ) കാലാവധി തീരുന്ന തീയതിയും വ്യത്യസ്തമായിരിക്കുകയും, സ്ഥാപനത്തിന് വർക്ക് പെർമിറ്റ് പുതുക്കാൻ കഴിയാത്ത സാഹചര്യത്തിലും, ഇഖാമയ്ക്ക് കുറഞ്ഞത് 180 ദിവസത്തെ കാലാവധി ബാക്കിയുണ്ടെങ്കിൽ തൊഴിലാളിയെ റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്യില്ല. എന്നാൽ, ഇഖാമയുടെ ബാക്കി കാലാവധി 180 ദിവസത്തിൽ താഴെയാണെങ്കിൽ, തുടർന്നുള്ള കടുത്ത നടപടികൾ ഒഴിവാക്കുന്നതിനായി തൊഴിലുടമ ഇഖാമയും വർക്ക് പെർമിറ്റും ഒരുപോലെ പുതുക്കേണ്ടതുണ്ട്. നിയമനടപടികളും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളും ഒഴിവാക്കുന്നതിനായി, വർക്ക് പെർമിറ്റ് ഫീസ് കുടിശ്ശികകൾ പൂർണമായും തീർപ്പാക്കാനും, വർക്ക് പെർമിറ്റുകൾ പുതുക്കുകയോ സർവീസ് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്തുകൊണ്ട് ബാധിക്കപ്പെട്ട ജീവനക്കാരുടെ സ്റ്റാറ്റസ് എത്രയും വേഗം നിയമാനുസൃതമാക്കാനും ക്വിവ പ്ലാറ്റ്‌ഫോം എല്ലാ തൊഴിലുടമകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ വൈൽഡ്5 ഫലം പ്രഖ്യാപിച്ചു; ​ഗെയിമുകളിൽ മൊത്തം സമ്മാനത്തുക 51,366 ഡോളർ
7 വയസുകാരൻ മരിക്കുമ്പോൾ ഭാരം 113 കിലോ, മാതാപിതാക്കൾക്കെതിരെ കൊലപാതക കുറ്റം