കുവൈത്തിനും ബഹ്റൈനും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഒമാൻ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

Published : Jun 28, 2026, 04:15 PM IST
oman

Synopsis

ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ സൈനിക ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഇരു രാജ്യങ്ങൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച ഒമാൻ, സംഘർഷം ഒഴിവാക്കി സംഭാഷണത്തിന് മുൻഗണന നൽകണമെന്ന് എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു.

മസ്കറ്റ്: സഹോദരരാജ്യങ്ങളായ ബഹ്റൈനും കുവൈത്തിനും നേർക്ക് ഞായറാഴ്ച പുലർച്ചെയുണ്ടായ സൈനിക ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. കുവൈത്തിന്റെയും ബഹ്റൈന്‍റെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ഒമാൻ പ്രഖ്യാപിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഏത് നടപടികളെയും ഒമാൻ ശക്തമായി എതിർക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും സംഘർഷം വർധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കി സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണമെന്നും പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. പ്രാദേശിക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താനും നിലവിലെ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് എല്ലാവരും പിന്തുണ നൽകേണ്ടതുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

കുവൈത്തിലും ബഹ്റൈനിലും ആക്രമണം

കുവൈത്തിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ചെറുത്തതായി കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തുടനീളം അപായ സൈറൺ മുഴങ്ങിയിരുന്നു. ഞായറാഴ്ച പുലർച്ചെ ബഹ്റൈനിൽ രണ്ടുതവണയാണ് വ്യോമാക്രമണ മുന്നറിയിപ്പിന്‍റെ സൈറണുകൾ മുഴങ്ങിയത്. സാധാരണക്കാരെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. എന്നാൽ, ആക്രമണത്തിൽ ബഹ്റൈനിലെ മുഹറഖ് ഗവർണറേറ്റിലുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സിവിൽ ഡിഫൻസ് അടക്കമുള്ള ബന്ധപ്പെട്ട സുരക്ഷാ അധികൃതർ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതലുകളും തുടർനടപടികളും സ്വീകരിച്ചിട്ടുണ്ട്.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ദാരുണ അപകടം, മലയാളികൾ സഞ്ചരിച്ച കാർ പലവട്ടം കരണം മറിഞ്ഞ് താഴ്ചയിലേക്ക് വീണു, രണ്ടുപേർ മരിച്ചു
ബഹ്റൈനിലെ താമസ കെട്ടിടത്തിന് നേരെ ഇറാന്‍റെ ആക്രമണം; വൻ നാശനഷ്ടം, ആളപായമില്ലെന്ന് അധികൃതർ