
റിയാദ്: യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ജോർദാൻ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ ഇറാൻ നടത്തിയ കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യങ്ങളുടെ പരമാധികാരത്തിെൻറയും മേലുള്ള ഇത്തരം നഗ്നമായ ലംഘനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.
ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇറാെൻറ ആക്രമണത്തെ നേരിടാൻ ഈ അഞ്ച് സഹോദര രാജ്യങ്ങൾക്കും സൗദി അറേബ്യ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുരക്ഷാ നടപടികൾക്കായി സൗദിയുടെ എല്ലാവിധ കഴിവുകളും സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ മേഖലയുടെ സമാധാനത്തെ തകർക്കും. ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. ഇറാെൻറ ഭാഗത്തുനിന്നുള്ള ഇത്തരം നിയമലംഘനങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം. മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാൻ ഇറാനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കാൻ അയൽരാജ്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന നിലപാടിലാണ് സൗദി അറേബ്യ.
മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി റിയാദിലെ ഇന്ത്യൻ എംബസി. ഫെബ്രുവരി 28-ന് പുറത്തിറക്കിയ പ്രത്യേക അഡ്വൈസറിയിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും, പ്രാദേശിക അധികൃതരും എംബസിയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ആവശ്യാനുസരണം പുതുക്കിയ നിർദ്ദേശങ്ങൾ നൽകുന്നതാണ്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ എംബസി സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര നമ്പറുകൾ: 00-966-11-4884697 (ഫോൺ), 00-966-542126748 (വാട്സ്ആപ്പ് മാത്രം), 800 247 1234 (ടോൾ ഫ്രീ), cw.riyadh@mea.gov.in പ്രവാസികൾ എംബസിയുടെ ഔദ്യോഗിക ചാനലുകൾ വഴി വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam