Latest Videos

സൗദി അറേബ്യയിലെ ഇറാനിയൻ നയതന്ത്ര കാര്യാലയങ്ങൾ ഈയാഴ്ച തുറക്കും

By Web TeamFirst Published Jun 6, 2023, 7:07 PM IST
Highlights

2016ൽ വിഛേദിച്ച സൗദി, ഇറാൻ നയതന്ത്ര ബന്ധം ചൈനയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ മാർച്ച് ആറിന് ബെയ്‌ജിങ്ങിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പുനഃസ്ഥാപിക്കുന്നത്. 

റിയാദ്: സൗദി അറേബ്യയിലെ ഇറാനിയൻ നയതന്ത്ര കാര്യാലയങ്ങൾ ഈയാഴ്ച തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കൻആനി  വ്യക്തമാക്കി. റിയാദിലെ എംബസി, ജിദ്ദ കോൺസുലേറ്റ് എന്നിവ കൂടാതെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) കാര്യാലയത്തിലെ ഇറാൻ ഓഫീസ് എന്നിവ ചൊവ്വ, ബുധൻ ദിവസങ്ങളിലായി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

2016ൽ വിഛേദിച്ച സൗദി, ഇറാൻ നയതന്ത്ര ബന്ധം ചൈനയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ മാർച്ച് ആറിന് ബെയ്‌ജിങ്ങിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പുനഃസ്ഥാപിക്കുന്നത്. നയതന്ത്ര വിദഗ്‌ധനും  നേരത്തെ കുവൈത്തിൽ ഇറാൻ അംബാസഡറുമായിരുന്ന അലിറേസ ഇനായത്തിയാണ് സൗദിയിലെ പുതിയ ഇറാൻ  അംബാസഡർ. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും പൂർവകാല കരാറുകൾ നടപ്പിലാക്കുന്നതിനുമുള്ള ചർച്ചകൾ ഇരു രാഷ്ട്രങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഇതിനകം നടത്തിക്കഴിഞ്ഞു.

സൗദി - ഇറാൻ ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ശുഭലക്ഷണങ്ങൾ മധ്യ പൂർവ മേഖലയിലെങ്ങും പ്രകടമാണ്. ആഭ്യന്തര യുദ്ധത്തെ ക്രൂരമായി നേരിട്ടതിന്റെ പേരിൽ മേഖലയിൽ ഒറ്റപ്പെട്ടുപോവുകയും അറബ് രാഷ്ട്ര സഖ്യത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ബശ്ശാറുൽ അസദിന്റെ സിറിയക്ക് അറബ് ലീഗിലേക്ക് പുനഃ പ്രവേശം സാധ്യമായതും യമൻ പ്രതിസന്ധി പരിഹാരത്തിലേക്ക് നീങ്ങുന്നതുമെല്ലാം സൗദി ഇറാൻ മഞ്ഞുരുക്കത്തിന്റെ ഫലങ്ങളാണ്. മുന്നോട്ടുള്ള നടപടികൾ മേഖലയുടെ  സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഗുണകരമാകുമെന്നാണ് പൊതു വിലയിരുത്തൽ.

Read also: ഒരാഴ്ചയ്ക്കിടെ പിടിയിലായത് 11,614 പ്രവാസികള്‍; രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!