ഖത്തറിൻ്റെ പരമാധികാരം ലംഘിച്ചതിൽ മാപ്പ്, പൊലീസുകാരൻ്റെ മരണത്തിൽ ഖേദം; ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് നെതന്യാഹു

Published : Sep 29, 2025, 10:41 PM ISTUpdated : Sep 29, 2025, 10:50 PM IST
doha attack

Synopsis

ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിൽ മാപ്പ് ചോദിച്ച നെതന്യാഹു ഖത്തറി പൊലീസുകാരന്റെ മരണത്തിലും ഖേദം പ്രകടിപ്പിച്ചു. ബന്ദികളുടെ മോചനത്തിന് ശ്രമം തുടരാൻ ഖത്തർ ഉപാധി വച്ചിരുന്നു. 

ജെറുസലേം: ദോഹ ആക്രമണത്തിൽ മാപ്പ് ചോദിച്ചു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു കൊണ്ടാണ് നെതന്യാഹുവിൻ്റെ മാപ്പപേക്ഷ. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിൽ മാപ്പ് ചോദിച്ച നെതന്യാഹു, ഖത്തറി പൊലീസുകാരന്റെ മരണത്തിലും ഖേദം പ്രകടിപ്പിച്ചു. ഖത്തർ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തിയത്. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം നടന്നത്.

ലോകരാജ്യങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് ഖത്തറിൽ ഇസ്രയേലിന്‍റെ ആക്രമണം നടന്നത്. ഹമാസ് നേതാക്കൾ ഒത്തുകൂടിയ ദോഹയിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഖത്തറിലുണ്ടായ ആക്രമണത്തിൽ നെതന്യാഹുവിനെതിരെ മറ്റു രാജ്യങ്ങളിൽ നിന്നും രൂക്ഷവിമർശനം ഉയർന്നിരുന്നു. അതേസമയം, പശ്ചിമേഷ്യയിലെ മാത്രമല്ല ഗൾഫ് മേഖലയിലേയും സാഹചര്യം മാറ്റിവരയ്ക്കപ്പെടുകയാണ് ഇപ്പോൾ. ഖത്തറിനെ ആക്രമിച്ച ഇസ്രയേൽ പരിധി കടന്നുവെന്ന വിലയിരുത്തലിൽ മുന്നോട്ട് നീങ്ങുകയാണ് രാജ്യങ്ങൾ. അടിയന്തര ഉച്ചകോടികളും അതിൽ തീരുമാനങ്ങളുമുണ്ടായി. ജിസിസി രാജ്യങ്ങൾക്ക് സ്വന്തമായി സൈന്യമുണ്ട്. സൗദിയാണതിൽ മുന്നിൽ. അമേരിക്കയുമായി സുരക്ഷാ ധാരണയുണ്ട് ഗൾഫ് രാജ്യങ്ങൾക്ക്. പക്ഷേ, ഔദ്യോഗികമല്ല. സെനറ്റ് അംഗീകരിച്ചിട്ടില്ല.

പതിറ്റാണ്ടുകളായി അമേരിക്കയ്ക്ക് ഈ രാജ്യങ്ങളിലെല്ലാം സൈനികാസ്ഥാനവുമുണ്ട്. ഖത്തറിലാണ് അതിൽ ഏറ്റവും വലുത്. വ്യോമപ്രതിരോധ സംവിധാനങ്ങൾ അമേരിക്കൻ യൂറോപ്യൻ, റഷ്യൻ, ചൈനീസ് സംവിധാനങ്ങൾ ചേർന്നതാണ്. ആക്രമണത്തിന് പിന്നാലെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഖത്തറിലെത്തി ചർച്ചകൾ നടന്നിരുന്നു. പക്ഷേ, ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്കയിലുള്ള വിശ്വാസം നഷ്ടപ്പെട്ടോയെന്ന് സംശയിക്കണം. സൗദിയും ആണവ ശക്തിയായ പാകിസ്ഥാനും ഒപ്പിട്ട പ്രതിരോധ കരാർ അതിന്‍റെ പ്രതിഫലനമാണ്. പാകിസ്ഥാന്‍റെ സൈനിക ശക്തി ഇനി സൗദിയുടെ സഹായത്തിനുണ്ടാവും എന്നുറപ്പിക്കുന്ന കരാറാണത്. ഒരു രാജ്യത്തിന് നേർക്കുണ്ടാകുന്ന ആക്രമണം രണ്ട് കൂട്ടർക്കുമെതിരെ എന്ന കണക്കാക്കുന്ന കരാർ. റഷ്യയും ചൈനയും തമ്മിലൊപ്പിട്ട പോലൊന്ന്.

സഹായത്തിന് എത്താത്ത യുഎസ്

പക്ഷേ, അമേരിക്കയിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടാനുള്ള കാരണങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. 2019-ൽ ഇറാൻ, സൗദിയിലെ എണ്ണഖനന കേന്ദ്രങ്ങൾ ആക്രമിച്ചത് ഒന്ന്, ഇറാനെതിരായ ട്രംപിന്‍റെ നടപടികളെ പിന്തുണച്ചതിനായിരുന്നു ആക്രമണം. അമേരിക്ക പക്ഷേ, ഇറാനെതിരെ ഒരു നടപടിയുമെടുത്തില്ല. അതോടെ സുരക്ഷാ ധാരണ എഴുതിത്തയ്യാറാക്കണമെന്നും അതിലൊപ്പിടണമെന്നും സൗദി നിലപാടെടുത്തു. ഇതുവരെ അതുമുണ്ടായിട്ടില്ല. ഇസ്രയേലിനെ അംഗീകരിച്ചാൽ ആവാമെന്ന് ജോ ബൈഡനും ട്രംപും പറഞ്ഞെങ്കിലും പലസ്തീൻ രാജ്യ രൂപീകരണമാണ് സൗദി വ്യവസ്ഥയായി മുന്നോട്ട് വച്ചത്. അതുണ്ടായില്ല, കരാറുമുണ്ടായില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് പറന്നുയർന്ന വിമാനത്തിന് ബോംബ് ഭീഷണി, അടിയന്തര ന‍ടപടികൾ, യാത്രക്കാരെല്ലാം സുരക്ഷിതർ
ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർത്ഥക്' സന്ദർശനത്തിനായി കുവൈത്തിൽ എത്തും