
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി സംസം ജലം ലഭ്യമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. വിമാനത്താവളത്തിലെ അംഗീകൃത വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും ഇനി സംസം ബോട്ടിലുകൾ വാങ്ങാൻ കഴിയും. തീർത്ഥാടകർക്ക് സംസം വെള്ളം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
സംസം ബോട്ടിലുകൾ വാങ്ങിക്കഴിഞ്ഞാൽ പരിശോധന കഴിഞ്ഞിട്ടുള്ള ലഗേജുകളിൽ സൂക്ഷിക്കരുത്. പകരം ഓരോ കുപ്പിയും പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള കൺവെയർ ബൽറ്റുകളിലായിരിക്കണം സൂക്ഷിക്കേണ്ടത്. ഇത് ജലത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും ഏവിയേഷൻ മാർഗ നിർദേശങ്ങൾ പാലിക്കുന്നതിനും വേണ്ടിയാണെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു. ഒരാൾക്ക് ഒരു കുപ്പി സംസം വെള്ളം മാത്രമേ വാങ്ങാൻ അനുമതിയുള്ളു. കൂടാതെ ഇതു സംബന്ധിച്ച പ്രക്രിയകൾ പൂർത്തിയാക്കുന്നതിന് സാധുവായ ഉംറ വിസയോ നുസുക് ആപ്ലിക്കേഷൻ വഴിയുള്ള അനുമതിയോ ഹാജരാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ച് സംസം ജലം ആത്മീയമായും സാംസ്കാരികമായും ഏറെ പ്രധാനപ്പെട്ടതാണ്. മക്കയിലെ കഅബയ്ക്ക് അടുത്തുള്ള ചരിത്ര പ്രസിദ്ധമായ സംസം കിണറിൽ നിന്നുമാണ് ഈ ജലം എടുക്കുന്നത്. അതുകൊണ്ടുതന്നെ തീർത്ഥാടകർ സംസം ജലം വീടുകളിലേക്ക് കൊണ്ടുപോകാറുണ്ട്. ഹജ്ജ്, ഉംറ തീർത്ഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും സംസം ജലവിതരണത്തിന്റെ സമഗ്രത സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.
read more: ഇരട്ടനികുതി ഒഴിവാക്കൽ, ഇന്ത്യയുടെ പ്രോട്ടോക്കോളിന് സുൽത്താന്റെ അംഗീകാരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam