സൗദി അറേബ്യയിൽ ജീവിത നിലവാരം ഏറ്റവും ഉയർന്ന നഗരം ജിദ്ദ, ലോകത്ത് 74-ാം സ്ഥാനം

Published : Oct 03, 2025, 02:45 PM IST
jeddah

Synopsis

ജീവിതനിലവാര സൂചികയിൽ സൗദി അറേബ്യയിൽ ഒന്നാമതെത്തി ജിദ്ദ. സൗദി വിഷൻ 2030-ൻ്റെ ഭാഗമായുള്ള 'ക്വാളിറ്റി ഓഫ് ലൈഫ്' പദ്ധതിയുടെ കീഴിൽ, ജിദ്ദ നഗരസഭ നിരവധി പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്.

റിയാദ്: ജീവിതനിലവാര സൂചികയിൽ സൗദി അറേബ്യയിൽ ഒന്നാമതെത്തി ജിദ്ദ നഗരം. 2025-ലെ നുംബിഒ ഡാറ്റ (Numbeo Data) അനുസരിച്ചുള്ള ക്വാളിറ്റി ഓഫ് ലിവിങ് ഇൻഡെക്‌സ് പ്രകാരം ലോകത്ത് 74-ാം സ്ഥാനമാണ് ജിദ്ദയ്ക്കുള്ളത്. അറബ് ലോകത്ത് ഒമാനിലെ മസ്‌കത്തിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ജിദ്ദ. സുരക്ഷ, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, ആധുനിക പൊതു സൗകര്യങ്ങൾ എന്നിവയിലെല്ലാം ജിദ്ദ കൈവരിച്ച നേട്ടങ്ങളാണ് ഈ ഉയർന്ന റാങ്കിങ്ങിന് കാരണം. ഇത് നഗരത്തിൻ്റെ വികസന കുതിപ്പിനെ യാഥാർത്ഥ്യമാക്കി മാറ്റാനുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.

സൗദി വിഷൻ 2030-ൻ്റെ ഭാഗമായുള്ള 'ക്വാളിറ്റി ഓഫ് ലൈഫ്' പദ്ധതിയുടെ കീഴിൽ, ജിദ്ദ നഗരസഭ നിരവധി പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത് നഗരത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെടുത്തു. അഞ്ച് കിലോമീറ്ററിലധികം നീളമുള്ള വാട്ടർഫ്രണ്ട് പദ്ധതിയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. നടക്കാനും സൈക്കിൾ ചവിട്ടാനുമുള്ള പാതകൾ, കളിസ്ഥലങ്ങൾ, ശിൽപങ്ങൾ, വിശ്രമസ്ഥലങ്ങൾ, കഫേകൾ, റസ്റ്റോറൻ്റുകൾ എന്നിവ ഇവിടെയുണ്ട്. ഇതോടെ കടൽത്തീരം നഗരജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറി. കടൽത്തീരങ്ങൾ വൃത്തിയുള്ളതാക്കാൻ തുടർച്ചയായ പരിപാലന പരിപാടികളും നഗരസഭ നടപ്പാക്കുന്നുണ്ട്. അൽസജ പാർക്ക്, പ്രിൻസ് മാജിദ് പാർക്ക് ഉൾപ്പെടെ 445 ഓളം പൊതു പാർക്കുകൾ നഗരസഭക്ക് കീഴിൽ വിവിധയിടങ്ങളിൽ നിർമ്മിച്ചു. 1,30,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള പ്രിൻസ് മാജിദ് പാർക്ക് കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും വലിയ ഒത്തുചേരൽ കേന്ദ്രമാണ്.

വിവിധയിടങ്ങളിൽ കാൽനടയാത്രക്കാർക്കുള്ള പാതകൾ മെച്ചപ്പെടുത്തി. ആധുനിക ലൈറ്റിങ് സംവിധാനങ്ങൾ സ്ഥാപിക്കുകയും നടപ്പാതകൾ വീതികൂട്ടി നഗരം കൂടുതൽ സുരക്ഷിതവും മനോഹരവുമാക്കി. ഇത് ജനങ്ങളെ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നു. കൈകൊണ്ടും യന്ത്രസഹായത്തോടെയും തെരുവുകളും റോഡുകളും വൃത്തിയാക്കൽ, മാലിന്യനിർമാർജനം, അനാവശ്യ കോൺക്രീറ്റ് തടസ്സങ്ങൾ നീക്കം ചെയ്യൽ എന്നിവയ്ക്കായി വിപുലമായ ശുചീകരണ പരിപാടികൾ നഗരത്തിൽ നടപ്പിലാക്കി. മാലിന്യങ്ങൾ വേർതിരിക്കാനും അവ വീണ്ടും ഉപയോഗിക്കാനും, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാനുമുള്ള നൂതന പരിപാടികൾ ജിദ്ദ നഗരസഭ നടപ്പാക്കി. ഇത് നഗരത്തിലെ വായുവിന്റെ ഗുണനിലവാരം വർധിപ്പിച്ചു. പാർക്കുകൾ, പൊതുസൗകര്യങ്ങൾ, മികച്ച സേവനങ്ങൾ എന്നിവയിലൂടെ ജിദ്ദ ഒരു സാമ്പത്തിക, ടൂറിസം നഗരം എന്നതിലുപരി ജീവിതനിലവാരത്തിൻ്റെ കാര്യത്തിൽ ലോകത്തിനുതന്നെ മാതൃകയായി മാറുകയാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വ്യാജ യുഎസ് ഡോളർ കടത്ത്, 50 ശതമാനം ഇളവിൽ കള്ളനോട്ട് വിൽപ്പന, കോടിക്കണക്കിന് കറൻസി പിടിച്ചെടുത്തു
ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് പറന്നുയർന്ന വിമാനത്തിന് ബോംബ് ഭീഷണി, അടിയന്തര ന‍ടപടികൾ, യാത്രക്കാരെല്ലാം സുരക്ഷിതർ