സൗദി എയർലൈൻസ് വിമാനയാത്രക്കാർക്ക് ഇനി വീട്ടിലിരുന്ന് ചെക്ക് ഇൻ ചെയ്യാം, ബാഗേജ് വീട്ടിൽ നിന്ന് കൈപ്പറ്റും

Published : Oct 03, 2025, 02:07 PM IST
saudi airlines

Synopsis

സൗദി അറേബ്യൻ എയർലൈൻസായ യാത്രക്കാർക്ക് അവരുടെ വീടുകളിലോ താമസസ്ഥലങ്ങളിലോ എത്തി ബോർഡിങ് പാസ് നൽകുകയും ബാഗേജുകൾ ശേഖരിക്കുകയും ചെയ്യുന്ന സേവനം ലഭിക്കും. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് ലക്ഷ്യം.

റിയാദ്: സൗദി അറേബ്യൻ എയർലൈൻസായ 'സൗദിയ'യും രാജ്യത്തെ പ്രമുഖ ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ 'സൗദി ഗ്രൗണ്ട് സർവീസസ് കമ്പനി'യും (എസ്.ജി.എസ്) സംയുക്തമായി യാത്രക്കാർക്ക് താമസസ്ഥലത്തുനിന്നുതന്നെ ചെക്ക് ഇൻ ചെയ്യുന്നതിനും ബാഗേജുകൾ കൈപ്പറ്റുന്നതിനും സാധിക്കുന്ന വിപുലമായ സേവനം ആരംഭിച്ചു. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ സുഖകരമായ അനുഭവം ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം.

ഇരു കക്ഷികളും തിങ്കളാഴ്ച ഒപ്പുവെച്ച കരാർ പ്രകാരം, യാത്രക്കാർക്ക് അവരുടെ വീടുകളിലോ താമസസ്ഥലങ്ങളിലോ എത്തി ബോർഡിങ് പാസ് നൽകുകയും ബാഗേജുകൾ ശേഖരിക്കുകയും ചെയ്യുന്ന സേവനം ലഭിക്കും. സൗദിയയുടെ കൊമേഴ്സ്യൽ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അർവിഡ് മുഹ്‌ലിൻ, സൗദി ഗ്രൗണ്ട് സർവീസസ് സിഇഒ മുഹമ്മദ് മാസി എന്നിവരാണ് പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്.

ഈ വർഷം നാലാം പാദത്തിലാണ് (ഒക്ടോബർ മുതൽ) പുതിയ സേവനത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്കും ജിദ്ദയിലേക്ക് എത്തിച്ചേരുന്നവർക്കും മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. താമസസ്ഥലത്തുനിന്ന് ബാഗേജ് ശേഖരിക്കുന്നതിനും, ബോർഡിങ് പാസ് വിതരണം ചെയ്യുന്നതിനും വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഈ സേവനം ഒരുമിച്ച് ആവശ്യപ്പെടുന്നതിനും സൗകര്യമുണ്ട്. ഇത് യാത്രക്കാരുടെ സമയവും പ്രയത്നവും ലാഭിക്കും.

ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാകും. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനും ആറ് മണിക്കൂറിനും ഇടയിലുള്ള സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം. യാത്രക്കാർക്ക് വെബ്സൈറ്റിലെ പ്രത്യേക ലിങ്ക് വഴി അപേക്ഷയുടെ നിലവിലെ സ്ഥിതി തത്സമയം അറിയാൻ കഴിയും. സേവനത്തിന്റെ ഓരോ ഘട്ടത്തിലും ഇമെയിൽ വഴിയുള്ള അറിയിപ്പുകളും ലഭിക്കും. ബുക്കിംങ് കൺഫർമേഷൻ പേജ്, ബുക്കിംങ് മാനേജ്മെന്റ്, ഡിജിറ്റൽ ചെക്ക് ഇൻ, സൗദിയ സെയിൽസ് ഓഫീസുകൾ, ട്രാവൽ ഏജന്റുമാർ എന്നിവയുൾപ്പെടെ നിരവധി പോയിന്റുകളിലൂടെ ഈ സേവനം ലഭ്യമാകും.

സമയബന്ധിതമായും ഉയർന്ന നിലവാരത്തിലും സേവനം ഉറപ്പാക്കുമെന്നും ഇത് വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് യാത്രാ ഗേറ്റിലേക്കുള്ള പ്രവേശനം വേഗത്തിലാക്കുന്നതിനും സഹായിക്കുമെന്നും അർവിഡ് മുഹ്‌ലിൻ പറഞ്ഞു. സേവനത്തിന്റെ അടുത്ത ഘട്ട വിപുലീകരണം 2026-ന്റെ ആദ്യ പാദത്തിൽ (ജനുവരി മുതൽ) റിയാദിൽ ആരംഭിക്കും. അതിനുശേഷം മറ്റ് നഗരങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പങ്കാളിത്തം തങ്ങളുടെ തന്ത്രപരമായ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് സൗദി ഗ്രൗണ്ട് സർവീസസ് സി.ഇ.ഒ മുഹമ്മദ് മാസി വിശദീകരിച്ചു. രാജ്യത്തെ വ്യോമയാന മേഖലയുടെ കാര്യക്ഷമത ഉയർത്തിക്കാട്ടുന്ന ഈ നീക്കം കമ്പനിയുടെ നൂതനത്വം, ഡിജിറ്റൽ പരിവർത്തനം, ഓട്ടോമേഷൻ, സുസ്ഥിരത എന്നിവ ലക്ഷ്യമിട്ടുള്ള വികസന പരിപാടികളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വ്യാജ യുഎസ് ഡോളർ കടത്ത്, 50 ശതമാനം ഇളവിൽ കള്ളനോട്ട് വിൽപ്പന, കോടിക്കണക്കിന് കറൻസി പിടിച്ചെടുത്തു
ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് പറന്നുയർന്ന വിമാനത്തിന് ബോംബ് ഭീഷണി, അടിയന്തര ന‍ടപടികൾ, യാത്രക്കാരെല്ലാം സുരക്ഷിതർ