
റിയാദ്: ജോർദാൻ തലസ്ഥാനമേയ അമ്മാൻ വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് രാജകീയ പ്രൗഢി നിറഞ്ഞ അതിഗംഭീര വിവാഹത്തിന്. കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്റെ വിവാഹമാണ് രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും വലിയ ആഘോഷമായി മാറിയത്. റിയാദ് സ്വദേശിനിയായ എൻജിനിയർ റജ്‍വ ഖാലിദ് അൽ സൈഫാണ് അബ്ദുല്ല രണ്ടാമന്റെ വധു. അമ്മാനിലെ സഹ്റാൻ കൊട്ടാരത്തിൽ മകന്റെ രാജകീയ വിവാഹ ചടങ്ങിന് നേതൃത്വം വഹിച്ചത് അബ്ദുല്ല രാജാവും പത്നി റാനിയ രാജ്ഞിയുമായിരുന്നു.
നിക്കാഹിന് ശേഷം റജ്‍വയെ ജോർദാന്റെ രാജകുമാരിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. കിരീടാവകാശി ജോർദാന്റെ ഭരണനേതൃത്വം ഏറ്റെടുക്കുമ്പോൾ റജ്‍വ രാജ്ഞിയായി മാറും. രാജകീയ വിവാഹ ചടങ്ങുകളും നിക്കാഹിന് ശേഷം സൽക്കാരം നടന്ന അൽഹുസൈനിയ കൊട്ടാരത്തിലേക്ക് തുറന്ന വാഹനത്തിൽ എത്തിയ ദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും സൗദി സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ജോർദാനിയാൻ പൈതൃകം വിളിച്ചോതുന്ന ആഘോഷങ്ങളാണ് അമ്മാനിലെങ്ങും നടന്നത്.
ലോക രാജ്യങ്ങളിലെ നിരവധി ഭരണാധികാരികളും അവരുടെ പത്നിമാരും ഉദ്യോഗസ്ഥരുമടക്കം ഒട്ടനവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഭാവി രാജാവിന്റെയും സൗദി അറേബ്യൻ വധുവിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽടണും അമ്മാനിലെത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സാമൂഹിക മാധ്യമങ്ങളിലൂടെ ദമ്പതികൾക്ക് ആശംസ അറിയിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ റിയാദിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. സൗദി അറേബ്യയിലെ നജ്ദിയൻ പ്രവിശ്യയായ സുദൈറിൽ ജനിച്ചുവളർന്ന, അൽ സെയ്ഫ് എൻജിനിയറിങ് ആന്റ് കോൺട്രാക്റ്റിങ് കമ്പനി സ്ഥാപകനായ ഖാലിദ് അൽ സെയ്ഫിന്റെ നാല് മക്കളിൽ ഇളയവളാണ് 28 കാരിയായ റജ്‍വ. മാതാവ് ഇസ്സ ബിൻത് നാഇഫ് അൽ സുദൈരി.
ഫൈസൽ, നാഇഫ് എന്നിവർ സഹോദന്മാരും ദാന സൈഫ് സഹോദരിയുമാണ്. സൗദി അറേബ്യയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റജ്‍വ ന്യൂയോർക്കിലെ സിറാക്കൂസ് യൂനിവേഴ്സിറ്റിയിൽ നിന്ന് നിർമാണ കലയിലും ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആന്റ് മർച്ചൻഡൈസിങ്ങിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിലും ബിരുദം നേടിയിട്ടുണ്ട്.
കുതിരസവാരിയിലും കരകൗശല വസ്തുക്കളിലും കമ്പമുള്ള റജ്‍വ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾ നന്നായി കൈകാര്യം ചെയ്യും.
1994 ജൂൺ 28 നാണ് ജനിച്ച വരന് 15 വയസുള്ളപ്പോഴാണ് പിതാവ് അബ്ദുല്ല ബിൻ അൽ ഹുസൈൻ രാജാവ് കിരീടാവകാശിയായി പ്രഖ്യാപിച്ചത്. 2016ൽ അന്താരാഷ്ട്ര ചരിത്രത്തിൽ യു.എസിലെ ജോർജ് ടൗൺ സർവകലാശാലയിൽ നിന്നും തുടർന്ന് ബ്രിട്ടീഷ് മിലിട്ടറി കോളേജിൽ നിന്നും അദ്ദേഹം ബിരുദങ്ങൾ നേടി.
Read also: പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ; വിമാനകമ്പനികളുമായി ചർച്ച നടത്താന്‍ തീരുമാനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ