
ദോഹ: രാജ്യത്തിന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ(കഹ്‌റമ) 310 കോടി റിയാലിന്റെ നാല് തന്ത്രപരമായ കരാറുകളിൽ ഒപ്പുവച്ചു. പുതിയ കരാറുകൾ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് ഹൈ വോൾട്ടേജ് സബ്‌സ്‌റ്റേഷനുകൾ സ്ഥാപിക്കും. സബ്‌സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതിന് 212 കിലോമീറ്റർ നീളത്തിൽ ഭൂഗർഭ കേബിളുകളും ഓവർഹെഡ് ലൈനുകളും നൽകും.
ഖത്തർ കമ്പനികൾക്ക് പുറമെ തുർക്കി, ദക്ഷിണ കൊറിയൻ കമ്പനികളും പ്രൊജക്ടുകളുടെ ഭാഗമാണ്. എൽസ്വീദി കേബ്ൾസ് ഖത്തർ കമ്പനി (ഖത്തർ), വോൾട്ടേജ് എൻജിനീയറിങ് ലിമിറ്റഡ് കമ്പനി (ഖത്തർ), ബെസ്റ്റ് ആൻഡ് ബെറ്റാഷ് കൺസോർട്യം (തുർക്കി), തായ്ഹാൻ കേബ്ൾ ആൻഡ് സൊലൂഷൻ (ദക്ഷിണ കൊറിയ) എന്നിവയുമായാണ് നാല് സുപ്രധാന കരാറുകളിൽ കഹ്‌റമ ഒപ്പുവെച്ചത്.
കരാറുകൾ പ്രകാരം സബ്സ്റ്റേഷനുകളുടെ നിർമാണവും കേബിളുകളുടെയും ഓവർഹെഡ് ലൈനുകളുടെയും കണക്ഷനുമൊപ്പം നിലവിലുള്ള സബ്സ്റ്റേഷനുകളുടെ ശേഷി വർധിപ്പിക്കാനുള്ള ചുമതലകളും കമ്പനികൾക്കുണ്ട്. സ്വദേശി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കഹ്‌റമയുടെ നയങ്ങൾക്കനുസൃതമായി കരാറുകളുടെ 58 ശതമാനവും ഖത്തർ കമ്പനികൾക്കാണ് നൽകിയിരിക്കുന്നത്.
കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഖത്തർ ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅ്ബിയും കഹ്‌റമയിലെ മുതിർന്ന ഉദ്യോഗസ്ഥരും കമ്പനികളുടെ ഉന്നതതല പ്രതിനിധികളും പങ്കെടുത്തു. വൈദ്യുതി മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനും സമഗ്രമായ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാറുകളിൽ ഒപ്പുവെച്ചതെന്ന് അൽ കഅ്ബി പറഞ്ഞു. ഖത്തറിന്റെ വൈദ്യുതി ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കമാണിതെന്ന് കഹ്‌റമ പ്രസിഡന്റ് അബ്ദുല്ല ബിൻ അലി അൽ തിയാബ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ