പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം; നടപടികള്‍ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ധര്‍ണ

By Web TeamFirst Published May 2, 2020, 1:27 PM IST
Highlights

പ്രവാസികളെ തിരിച്ചു കൊണ്ടു വരാനുള്ള നടപടികള്‍ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി.

കൊച്ചി: പ്രവാസികളെ തിരിച്ചു കൊണ്ടു വരാനുള്ള നടപടികള്‍ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു മുന്നിലാണ് സമരം. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് സമരം  ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും  പ്രഖ്യാപിച്ച ലോക്ക് ഡൗണിനോട് എല്ലാവരും സഹകരിച്ചെങ്കിലും പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തില്‍ ഇരുസര്‍ക്കാരുകളും പരാജയപ്പെട്ടെന്ന് പി ജെ ജോസഫ് പറഞ്ഞു. ഇന്ത്യ ഗവണ്മെന്റിന്‍റെ ഉത്തരവാദിത്തം ആണ് പ്രവാസികളെ കൊണ്ടു വരേണ്ടത്. പ്രവാസികളെ സൗജന്യമായി കൊണ്ടു വരണം. അതിനായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതാക്കളായ മോന്‍സ് ജോസഫ്, ജോയ് എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്.

അതേസമയം രാജ്യത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാൻ തയ്യാറാണെന്ന് കുവൈത്ത് സ‍ർക്കാ‍ർ ഇന്ത്യയെ അറിയിച്ചു. പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെയാണ് സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് സ‍ർക്കാർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. യുഎഇയ്ക്ക് ശേഷം ഇങ്ങനെയൊരു വാ​ഗ്ദാനം മുന്നോട്ട് വയ്ക്കുന്ന രണ്ടാമത്തെ രാജ്യമാണ് കുവൈത്ത്. 

Read More: പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്തിൻ്റെ വാഗ്ദാനം

click me!