ഒരു പ്രവാസി കൂടി മരിച്ചു; ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 324 ആയി

By Web TeamFirst Published Jul 15, 2020, 5:34 PM IST
Highlights

എറണാകുളം സ്വദേശി റെജി മാത്യു ആണ് സൗദി അൽ കോബാറിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 324 ആയി.

റിയാദ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം സ്വദേശി റെജി മാത്യു ആണ് സൗദി അൽ കോബാറിൽ മരിച്ചത്. 45 വയസായിരുന്നു. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 324 ആയി. ആകെ മരണം 3546. ഇരുപത്തിനാലുമണിക്കൂറിനിടെ 6,110 കൂടി വൈറസ് സ്ഥിരീകരിച്ചു. 5,47,127 രോഗബാധിതരാണ് ഗള്‍ഫിലുള്ളത്. 

അതേസമയം, സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണം വൻതോതിൽ ഉയരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് ഇതുവരെയുണ്ടായ ഏറ്റവും ഉയർന്ന രോഗമുക്തി പ്രതിദിന നിരക്ക് രേഖപ്പെടുത്തി. കുറച്ചുദിവസങ്ങളായി മരണസംഖ്യയും പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞുവരുന്നതിനിടെ രോഗമുക്തരുടെ എണ്ണം വൻതോതിൽ ഉയരുകയും ചെയ്യുകയാണ്. 

ഇന്നലെ മാത്രം 7,718 പേരാണ് സുഖം പ്രാപിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം 1,77,560 ആയി ഉയർന്നു. പുതുതായി 40 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്താകെ ഇതുവരെ മരിച്ചവരുടെ എണ്ണം 2,283 ആയി. റിയാദ് 17, ജിദ്ദ 10, മക്ക 2, മദനീ 2, ദമ്മാം 1, ഹുഫൂഫ് 1, ത്വാഇഫ് 1, വാദി ദവാസിർ 1, ജീസാൻ 2, ഹുത്ത ബനീ തമീം 1, സുലൈയിൽ 1, താദിഖ് 1 എന്നിവിടങ്ങളിലാണ് പുതുതായി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2,692 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2,37,803 ആയി ആകെ രോഗബാധിതരുടെ എണ്ണം. 57,960 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 2,230 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

click me!