
റിയാദ്: പനി ബാധിച്ച് ചികിത്സ തേടിയതിന് പിന്നാലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണൻ (60) ആണ് റിയാദിൽ നിര്യാതനായത്. കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ബാബു നാരായണൻ, പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ രാത്രിയോടെ പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നാരായണന്‍റെ മകനാണ്.
റിയാദിലെ നിയമനടപടികളും മറ്റ് ഔദ്യോഗിക ക്രമീകരണങ്ങളും വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം സജീവമായി രംഗത്തുണ്ടായിരുന്നു. കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ ആവശ്യമായ ഏകോപനവും സഹായവും നൽകിയതിനെ തുടർന്നാണ് മൃതദേഹം എത്രയും വേഗം തിരുവനന്തപുരത്തെ കുടുംബവീട്ടിൽ എത്തിക്കാനായത്. ഭാര്യ: ടി. രമ്യ, മക്കൾ: രാഹുൽ, ഗോകുൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam