
ദോഹ: ഖത്തറിലെ സ്വദേശികളുടെയും താമസക്കാരുടെയും സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിസിറ്റ് ഖത്തർ സംഘടിപ്പിച്ച ‘ഖത്തർ ത്രൂ യുവർ ലെൻസ്’ കണ്ടന്‍റ് ക്രിയേഷൻ മത്സരത്തിൽ നാല് മലയാളികൾക്ക് മിന്നും വിജയം. മത്സരത്തിൽ ഒന്ന്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ മലയാളികൾ നേടി. വൻതുകയാണ് ഇവർക്ക് സമ്മാനമായി ലഭിക്കുക. വീഡിയോ വിഭാഗത്തിൽ മലയാളികളായ മിഥിലാജ് കൈവേലിക്കൽ ഒന്നാം സ്ഥാനവും സജൻ സെബാസ്റ്റ്യൻ മൂന്നാം സ്ഥാനവും സഈദ് ഖാലിദ് നാലാം സ്ഥാനവും മുഹമ്മദ് സിയാൻ അഞ്ചാം സ്ഥാനവും സ്വന്തമാക്കി. രാജ്യത്തിന്‍റെ തനത് സംസ്കാരം, ജീവിതശൈലി, വേറിട്ട അനുഭവങ്ങൾ എന്നിവ ജനങ്ങളുടെ കണ്ണിലൂടെ പുനരാവിഷ്കരിക്കുക എന്നതായിരുന്നു മത്സരത്തിന്‍റെ ലക്ഷ്യം. ആകെ 6,00,000 ഖത്തർ റിയാൽ ആണ് സമ്മാനത്തുകയായി നൽകുന്നത്.
കണ്ണൂർ പാനൂർ സ്വദേശിയാണ് ഒന്നാം സ്ഥാനം നേടിയ മിഥിലാജ് കൈവേലിക്കൽ. മൂന്നാം സ്ഥാനം സ്വന്തമാക്കിയ സജൻ സെബാസ്റ്റ്യൻ കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഖത്തറിലുള്ള ഇദ്ദേഹം മീഡിയ പ്രൊഡക്ഷൻ കമ്പനിയിലെ പ്രൊഡക്ഷൻ ഹെഡ് ആയി ജോലി ചെയ്ത് വരികയാണ്. തൃശൂർ വലപ്പാട് സ്വദേശിയായ സഈദ് ഖാലിദിനാണ് നാലാം സ്ഥാനം. കഴിഞ്ഞ 14 വർഷമായി ഖത്തറില്‍ താമസിച്ച് വരുന്ന ഇദ്ദേഹം 12 വർഷക്കാലം എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം കൊണ്ട് നിലവില്‍ ഖത്തർ എയർവേയ്സില്‍ കണ്ടന്‍റ് ക്രിയേറ്ററായി ജോലി ചെയ്യുന്നു. അഞ്ചാം സ്ഥാനം സ്വന്തമാക്കിയ മുഹമ്മദ് സിയാൻ ഖത്തറിൽ തന്നെയാണ് ജനിച്ച് വളർന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയാണ്. വിദ്യാർത്ഥിയായ ഇദ്ദേഹം നിലവില്‍ ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പുകളിലാണ്. ആർട്ട് ആൻഡ് കൾച്ചർ വിഭാഗത്തിൽപ്പെട്ട വീഡിയോയാണ് സിയാനെ വിജയിയാക്കിയത്. മത്സരങ്ങളിലെല്ലാം സ്ഥിരമായി പങ്കെടുക്കുന്ന സിയാന് ഈ വിജയം വലിയ പ്രതീക്ഷയാണ് നൽകുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 1 മുതൽ ഡിസംബർ 20 വരെയാണ് രാജ്യവ്യാപകമായി ഈ മത്സരം സംഘടിപ്പിച്ചത്. ഖത്തറിന്റെ വിവിധ കോണുകളിൽ നിന്നായി 1,300-ലധികം മത്സരാർത്ഥികളാണ് തങ്ങളുടെ ക്രിയേറ്റീവ് വർക്കുകളുമായി രംഗത്തെത്തിയത്. ഖത്തറിന്‍റെ സൗന്ദര്യവും തനിമയും വിളിച്ചോതുന്നതായിരുന്നു ഓരോ എൻട്രികളും.
ഖത്തറിന്‍റെ രാത്രിഭംഗി മനോഹരമായ കടൽത്തീരങ്ങൾ, കലയും പാരമ്പര്യവും, കായിക മാമാങ്കങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ തീമുകളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരങ്ങൾ.
വീഡിയോ വിഭാഗത്തിൽ മിഥിലാജ് കൈവേലിക്കൽ ഒന്നാം സ്ഥാനം (150,000 റിയാൽ) കരസ്ഥമാക്കി. ഹംസ മൂസാവിയാണ് രണ്ടാം സ്ഥാനത്ത് (70,000 റിയാൽ). സജൻ സെബാസ്റ്റ്യൻ (50,000 റിയാൽ), സഈദ് ഖാലിദ് (30,000 റിയാൽ), മുഹമ്മദ് സിയാൻ (10,000 റിയാൽ) എന്നിവർ യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ നേടി. ആറ് മുതൽ പത്ത് വരെ സ്ഥാനക്കാർക്ക് 5,000 റിയാൽ മൂല്യമുള്ള വൗച്ചറുകൾ ലഭിച്ചു. ഫലാഹ് മൈദ് എഫ് ആർ അൽ-അഹ്ബാബി, ഹിഷാം തമിൻ, മോംഗി ചബാനെ, മ്ന്യാർ അൽസമീർ, ഹാദി അബി വാർഡെ എന്നിവരാണ് ഈ സ്ഥാനങ്ങളിലെത്തിയത്.
സ്റ്റിൽ ഫോട്ടോഗ്രഫി വിഭാഗം വിജയികൾ
ഫോട്ടോഗ്രഫി വിഭാഗത്തിൽ അമീർ ഹമീദ് അൽ-മുബാറക് സുലൈമാൻ ഒന്നാം സ്ഥാനം (100,000 റിയാൽ) നേടി. പൗള ബ്ലാഞ്ച് വലൻസിയ രണ്ടാം സ്ഥാനവും (60,000 റിയാൽ), മുനീറ യാക്കൂബ് അലോബൈദ്ലി മൂന്നാം സ്ഥാനവും (40,000 റിയാൽ) കരസ്ഥമാക്കി. ഒസാമ അൽസറോരി (20,000 റിയാൽ), ഖാലിദ് യൂസിഫ് സഖർ (10,000 റിയാൽ) എന്നിവർ അടുത്ത സ്ഥാനങ്ങൾ നേടി. ആറ് മുതൽ പത്ത് വരെ സ്ഥാനങ്ങൾ നേടിയ നോഹ ഇബ്രാഹിം ഹമീദ് നാസർ, നാസർ അഖീൽ അൽ-ഇമാദി, അഹമ്മദ് നാഗി മുഹമ്മദ് റമദാൻ, ഫാരിസ് എം.പി, വസീം അൽഖുദർ എന്നിവർക്ക് 5,000 റിയാൽ മൂല്യമുള്ള വൗച്ചറുകൾ ലഭിച്ചു.
ഖത്തറിലെ ജനങ്ങളുടെ സ്നേഹവും സാംസ്കാരിക സമൃദ്ധിയും ദൈനംദിന ജീവിതത്തിലെ ലളിതമായ മുഹൂർത്തങ്ങളും മനോഹരമായ ദൃശ്യങ്ങളിലൂടെ പകർത്തിയെടുക്കാൻ മത്സരാർത്ഥികൾക്ക് സാധിച്ചുവെന്ന് വിസിറ്റ് ഖത്തർ വിലയിരുത്തി. തങ്ങൾ ജീവിക്കുന്ന രാജ്യത്തെ അനുഭവങ്ങളെ ആകർഷകമായ വിഷ്വൽ സ്റ്റോറികളാക്കി മാറ്റിയ പ്രതിഭകളുടെ കഴിവിനെ അധികൃതർ അഭിനന്ദിച്ചു.
ഒന്നാം സമ്മാനം നേടിയ വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam