എണ്ണൂറോളം വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ; നീറ്റ്‌ പരീക്ഷാ കേന്ദ്രം സൗദിയിലും അനുവദിക്കണമെന്ന് കെ.എം.സി.സി

By Web TeamFirst Published Jul 24, 2021, 10:56 PM IST
Highlights

കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ മറ്റു രാജ്യങ്ങളെക്കാളും യാത്രാ പ്രതിസന്ധി നേരിടുന്നത് സൗദിയിലാണ്. കുവൈത്തിനും യു.എ.ഇക്കും അനുവദിച്ച സാഹചര്യത്തിൽ സൗദിയെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. 

റിയാദ്: മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനുള്ള ’നീറ്റ്‌ സെന്റർ’ സൗദിയിലും നിർബന്ധമായും അനുവദിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. എണ്ണൂറോളം കുട്ടികൾ നീറ്റ് എഴുതാനായി തയ്യാറായ സാഹചര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ അനുവദിച്ചത് പോലെ സൗദിയിലും പരീക്ഷ കേന്ദ്രം അനുവദിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയും റിയാദ് സെൻട്രൽ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര, കേരള സർക്കാരുകൾക്കും പാർലമെൻറ് അംഗങ്ങൾക്കും സൗദിയിലെ ഇന്ത്യൻ അംബാസഡർക്കും അടിയന്തര സന്ദേശം അയച്ചതായി ഭാരവാഹികൾ അറിയിച്ചു. 

2013ൽ സൗദിയിൽ നീറ്റ് സെന്റർ അനുവദിച്ചിരുന്നത് ഉദാഹരണമായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. യാത്രാ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വിദ്യാർഥികൾ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
കൊവിഡ് പ്രതിസന്ധിയിൽ യാത്രാസൗകര്യം പ്രതികൂലമായതിനാൽ സൗദിയിൽ നിന്ന് വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷക്ക് ഹാജരാകാൻ നാട്ടിലെ സെന്ററുകളിൽ എത്തുക അസാധ്യമാണ്. നാട്ടിലേക്ക് പോയാൽ തന്നെ തിരിച്ചുവരാൻ യാത്രാവിലക്ക് മൂലം കഴിയില്ല. പരീക്ഷ എഴുതുന്ന കുട്ടികളിൽ അധികവും 18 വയസിന് താഴെയുള്ളവരായതിനാൽ കൊവിഡ് കാലയളയവിൽ ഒറ്റക്കുള്ള യാത്ര അപ്രായോഗികവുമാണ്. മടങ്ങി വരാൻ മറ്റു രാജ്യങ്ങളെ ആശ്രയിച്ചാൽ തന്നെ അവിടെ വിസിറ്റ് വിസ ലഭിക്കണമെങ്കിൽ 18 വയസ് പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ട്. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾക്ക് മടക്ക യാത്ര അസാധ്യമായതിനാൽ തന്നെ  സൗദിയിൽ സെൻറർ സ്ഥാപിക്കുന്നതിൽ ബന്ധപ്പെട്ടവർ ഗൗരവപൂർവം പരിഗണിക്കണമെന്ന് കെ.എം.സി.സി ഭാരവാഹികളായ അഷ്‌റഫ് വേങ്ങാട്ട്, സി.പി. മുസ്‌തഫ എന്നിവർ ബന്ധപ്പെട്ടവർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ മറ്റു രാജ്യങ്ങളെക്കാളും യാത്രാ പ്രതിസന്ധി നേരിടുന്നത് സൗദിയിലാണ്. കുവൈത്തിനും യു.എ.ഇക്കും അനുവദിച്ച സാഹചര്യത്തിൽ സൗദിയെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളിലേക്കും യാത്രാവിലക്ക്  നിലനിൽക്കുന്നതിനാൽ അവിടെ പോയി പരീക്ഷക്ക് ഇരിക്കാനും സാധിക്കില്ല. ജെഇഇ പരീക്ഷ വിജയകരമായി നടക്കുന്നതിനാൽ നീറ്റ് പരീക്ഷക്കും മറ്റു തടസ്സങ്ങളൊന്നും സൗദിയിൽ നിലവിലില്ല. 

മത്സര പരീക്ഷകൾ നടത്താൻ സജ്ജമായ അനവധി സ്ഥാപനങ്ങൾ രാജ്യത്ത് ലഭ്യമാണ്. സൗദിയിലെ ഇന്ത്യൻ മിഷൻ വഴി ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും ചോദ്യപേപ്പർ എത്തിക്കാനും സാധ്യവുമാണ്. അതുകൊണ്ട് തന്നെ നീറ്റ് പരീക്ഷ സൗദിയിൽ നിന്നുള്ള വിദ്യാർഥികൾക്ക് കൂടി പങ്കെടുക്കാവുന്ന വിധം പരീക്ഷ കേന്ദ്രം തലസ്ഥാന നഗരിയായ റിയാദിനെ ഉൾപ്പെടുത്തണമെന്നും അഷ്‌റഫ് വേങ്ങാട്ടും സി.പി. മുസ്‌തഫയും ആവശ്യപ്പെട്ടു.

click me!