പ്രവാസി ചിട്ടിക്കെതിരെ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് കെഎസ്എഫ്ഇ

By Web TeamFirst Published Dec 17, 2018, 12:26 PM IST
Highlights

പ്രവാസി ചിട്ടി പിരിവിലൂടെ ഇതുവരെ ലഭിച്ചത് 3.30 കോടി രൂപയാണെന്നായിരുന്നു ധനകാര്യ മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. പ്രവാസി ചിട്ടിയുടെ പരസ്യത്തിനായി 5.01 കോടി ചിലവഴിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ ചിട്ടിയുടെ ആദ്യ ഗഡുവില്‍ നിന്നുള്ള വരുമാനം മാത്രമാണ് ഈ കണക്കില്‍ ഉള്‍പ്പെട്ടതെന്ന വിശദീകരണമാണ് കെഎസ്എഫ്ഇ നല്‍കുന്നത്.

തിരുവനന്തപുരം: പ്രവാസി ചിട്ടിയുടെ വരുമാനവും പരസ്യവും സംബന്ധിച്ച് കണക്കുകളുടെ പേരില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന് കെഎസ്എഫ്ഇ. 25 മുതല്‍ 40 മാസം വരെ തവണകളുള്ള ചിട്ടിയുടെ ആദ്യ ഗഡു മാത്രം കണക്കാക്കിയ കണക്കുകളാണ് പുറത്തുവന്നത്. നിയമസഭയില്‍ ഈ വിഷയത്തില്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് നല്‍കിയ മറുപടി തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കപ്പെടുന്നുവെന്നും കെഎസ്എഫ്ഇ പുറത്തിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

പ്രവാസി ചിട്ടി പിരിവിലൂടെ ഇതുവരെ ലഭിച്ചത് 3.30 കോടി രൂപയാണെന്നായിരുന്നു ധനകാര്യ മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. പ്രവാസി ചിട്ടിയുടെ പരസ്യത്തിനായി 5.01 കോടി ചിലവഴിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ ചിട്ടിയുടെ ആദ്യ ഗഡുവില്‍ നിന്നുള്ള വരുമാനം മാത്രമാണ് ഈ കണക്കില്‍ ഉള്‍പ്പെട്ടതെന്ന വിശദീകരണമാണ് കെഎസ്എഫ്ഇ നല്‍കുന്നത്. ഒക്ടോബര്‍ 25ന് തുടങ്ങിയ ചിട്ടികളില്‍ 90 എണ്ണമാണ് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടത്. ഇതില്‍ 71 ചിട്ടികളില്‍ വരിക്കാരെ ചേര്‍ത്തു. മറ്റുള്ളവയില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ചേര്‍ന്ന ചിട്ടികളുടെ തുക മാത്രം 90 കോടിയിലേറെ വരുമെന്നും കെഎസ്എഫ്ഇ അറിയിച്ചു.

64 ചിട്ടികളുടെ ഓണ്‍ലൈന്‍ ലേലം പൂര്‍ത്തിയായി.  ഇവയുടെ രണ്ടാം ഗഡുവും അടച്ചുതുടങ്ങി. യുഎഇക്ക് പുറമെ മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നും രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. അവിടങ്ങളില്‍ നിന്ന് ഉടന്‍ വരിസഖ്യ സ്വീകരിച്ച് തുടങ്ങും. പ്രവാസി ചിട്ടിയുടെ വിജയത്തെക്കുറിച്ച് ഒരു ആശങ്കയുമില്ലെന്നും ഇതുപോലുള്ള ദീര്‍ഘകാല പദ്ധതിയുടെ തുടക്കത്തിലെ കണക്കുകള്‍ മാത്രം നോക്കി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും കെസ്എഫ്ഇ വിശദീകരിക്കുന്നു.

click me!