
കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങൾക്കിടയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ജിസിസി സുരക്ഷാ കരാറിന് കുവൈത്ത് അംഗീകാരം നൽകി. ഇതുസംബന്ധിച്ച 2026ലെ 139-ാം നമ്പർ ഉത്തരവ് ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽ യൗമിൽ' പ്രസിദ്ധീകരിച്ചു.
നാടുകടത്തപ്പെട്ടവരുടെയും ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയും പേരുകൾ, വ്യക്തിഗത വിവരങ്ങൾ, ഇവരുടെ സഞ്ചാരം സംബന്ധിച്ച വിവരങ്ങൾ എന്നിവ ജിസിസി അംഗരാജ്യങ്ങൾ പരസ്പരം കൈമാറണമെന്ന് കരാറിൽ വ്യവസ്ഥ ചെയ്യുന്നു. 2012 നവംബർ 13ന് സൗദി അറേബ്യയിലെ റിയാദിൽ ഒപ്പുവെച്ച സുരക്ഷാ കരാറിന് അതേ വർഷം ഡിസംബറിൽ ബഹ്റൈനിൽ നടന്ന 33-ാമത് ജിസിസി ഉച്ചകോടിയിലാണ് അംഗീകാരം നൽകിയിരുന്നത്.
നാടുകടത്തപ്പെട്ടവരുടെയും ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയും വിവരങ്ങൾ പരസ്പരം കൈമാറും. ദേശീയത പരിഗണിക്കാതെ നിയമലംഘകരെയും അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നവരെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കും. അംഗരാജ്യങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സ്വദേശികളുടെയും പ്രവാസികളുടെയും വ്യക്തിഗത വിവരങ്ങൾ കൈമാറും. മറ്റൊരു ജിസിസി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ നിയമവിരുദ്ധമായി ഇടപെടുന്നവർക്കെതിരെ നടപടിയെടുക്കും. കുറ്റകൃത്യങ്ങളിൽ പ്രതികളായവരെയും ശിക്ഷിക്കപ്പെട്ടവരെയും നിലവിലുള്ള നിയമങ്ങൾക്കും കരാറുകൾക്കും വിധേയമായി ബന്ധപ്പെട്ട രാജ്യങ്ങൾക്ക് കൈമാറും. അനധികൃത അതിർത്തി പ്രവേശനം, നുഴഞ്ഞുകയറ്റം, കള്ളക്കടത്ത് എന്നിവ തടയുന്നതിന് സംയുക്ത നടപടികൾ സ്വീകരിക്കും. സംഘടിത കുറ്റകൃത്യങ്ങളും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും തടയുന്നതിന് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറും എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.
ആറ് അധ്യായങ്ങളിലായി 20 വകുപ്പുകൾ ഉൾക്കൊള്ളുന്ന കരാർ ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നിയമനടപടികളിലും കുറ്റാന്വേഷണത്തിലും സഹകരണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. കരാർ പ്രകാരം ഒരു ജിസിസി രാജ്യത്തുനിന്ന് നാടുകടത്തപ്പെട്ടവരുടെ വിവരങ്ങൾ മറ്റു ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ അധികൃതർക്കും ലഭ്യമാകും. എന്നാൽ ഒരു രാജ്യത്തുനിന്ന് നാടുകടത്തപ്പെട്ട എല്ലാവർക്കും മറ്റു ജിസിസി രാജ്യങ്ങളിൽ സ്വയമേവ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് കരാറിൽ വ്യക്തമാക്കിയിട്ടില്ല. ഓരോ രാജ്യത്തിന്റെയും ആഭ്യന്തര നിയമങ്ങൾക്കും അന്താരാഷ്ട്ര ബാധ്യതകൾക്കും അനുസൃതമായാണ് കരാർ നടപ്പാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam