താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ പരിശോധനകള്‍ തുടരുന്നു; 79 പേര്‍ അറസ്റ്റില്‍

By Web TeamFirst Published Dec 18, 2022, 6:05 PM IST
Highlights

താമസ, തൊഴില്‍ നിയമലംഘകരും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവരുമായ 79 പേര്‍ കൂടി അറസ്റ്റിലായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരെയും തൊഴില്‍ നിയമം ലംഘിച്ചവരെയും പിടികൂടാനുള്ള പരിശോധനകള്‍ വ്യാപകമായി തുടരുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമലംഘകരും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവരുമായ 79 പേര്‍ കൂടി അറസ്റ്റിലായി. ഇവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. 

വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 അംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണിത്. തെക്കന്‍ കുവൈത്തിലെ അല്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പണത്തിന് പകരം അനധികൃത സേവനങ്ങള്‍ നല്‍കുകയായിരുന്നു സംഘം ചെയ്തു വന്നത്. ഒമ്പത് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണ് അറസ്റ്റിലായത്.

രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് അല്‍ അഹ്മദിയിലെ ഒരു കെട്ടിടത്തില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നാണ് പ്രതികളെ പിടികൂടിയത്. പരിശോധനയില്‍ നിരീക്ഷണ ക്യാമറകളും സ്മാര്‍ട്ട് ഉപകരണങ്ങളും പിടിച്ചെടുത്തു. എല്ലാ പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read More -  കുവൈത്തില്‍ ഈ വര്‍ഷം പുറപ്പെടുവിച്ചത് 47,000ലേറെ യാത്രാ വിലക്ക് ഉത്തരവുകള്‍

കുവൈത്തില്‍ സുരക്ഷാ ഏജന്‍സികളും ബന്ധപ്പെട്ട അധികൃതകരും സഹകരിച്ച് നടത്തിയ പരിശോധനകളില്‍ സ്ത്രീ വേഷം ധരിച്ച് ജോലി ചെയ്തിരുന്ന  3,000 പ്രവാസികളെ പിടികൂടി നാടുകടത്തിയതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്. ഈ വര്‍ഷം ആദ്യം തുടക്കമിട്ട വ്യാപക പരിശോധനകളിലാണ് ഇത്രയധികം പേര്‍ പിടിയിലായത്. 

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് വ്യാപക പരിശോധനകള്‍ നടത്തുന്നത്. സ്ത്രീവേഷം ധരിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ നടത്തി. പുരുഷന്‍മാര്‍ക്കായുള്ള ചില മസാജ് പാര്‍ലറുകളില്‍ ഇന്‍വെസ്റ്റിഗേഷന്‍, റെസിഡന്‍സി അഫയേഴ്‌സ്, മാന്‍പവര്‍ അഫയേഴ്‌സ് വിഭാഗങ്ങള്‍ പരിശോധനകള്‍ നടത്തിയിരുന്നു.

Read More - കുവൈത്തില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ്

ഇത്തരം ചില മസാജ് പാര്‍ലറുകളില്‍ നിയമവിരുദ്ധമായ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. സ്ത്രീവേഷം ധരിച്ച് ജോലി ചെയ്യുന്ന ആളുകള്‍ യുവാക്കളെ ലക്ഷ്യമിട്ട് വിവിധ പരസ്യങ്ങളിലൂടെയും കമ്മ്യൂണിക്കേഷന്‍ സൈറ്റുകളിലൂടെയും പല വാഗ്ദാനങ്ങളും നല്‍കുകയാണെന്നും ഇത്തരക്കാരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചിവരികയാണെന്നും വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

click me!