Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ ഈ വര്‍ഷം പുറപ്പെടുവിച്ചത് 47,000ലേറെ യാത്രാ വിലക്ക് ഉത്തരവുകള്‍

ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെ 47,512 യാത്രാ വിലക്ക് ഉത്തരവുകളാണ് കുവൈത്തികള്‍ക്കും പ്രവാസികള്‍ക്കുമായി ചുമത്തിയത്.

Over 47,000 travel ban orders issued in kuwait this year
Author
First Published Dec 17, 2022, 10:38 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ പത്ത് മാസത്തിനിടെ പുറപ്പെടുവിച്ചത് 47,000ലേറെ യാത്രാവിലക്ക് ഉത്തരവുകള്‍. ഈ വര്‍ഷം ആദ്യ 10 മാസത്തിനിടെയാണ് ഇത്രയും ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെ 47,512 യാത്രാ വിലക്ക് ഉത്തരവുകളാണ് കുവൈത്തികള്‍ക്കും പ്രവാസികള്‍ക്കുമായി ചുമത്തിയത്. നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതി വിവര കണക്കുകള്‍ അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനം വര്‍ധനവാണ് യാത്ര വിലക്കില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത്  30,689  ആയിരുന്നു. കുവൈത്തിലെ ആകെ ജനസംഖ്യയില്‍ 34 ലക്ഷം വിദേശികളാണ്. 46 ലക്ഷമാണ് കുവൈത്തിലെ ആകെ ജനസംഖ്യ. 

Read More - വേശ്യാവൃത്തിയിലേര്‍പ്പെട്ട പന്ത്രണ്ടംഗ സംഘം കുവൈത്തില്‍ പിടിയില്‍

അതേസമയം കുവൈത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യ ഇരുപത് ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും കൂടി 3000 വിസകള്‍ റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പ് അനുവദിച്ചുകഴിഞ്ഞു. കൊവിഡ് കാലത്തിന് ശേഷം ഫാമിലി വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ഇത്തരം വിസകള്‍ക്ക് വേണ്ടി പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വീണ്ടും നിര്‍ത്തിവെയ്ക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ അഞ്ച് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രധാനമായും വിസ അനുവദിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ, അഞ്ച് വയസില്‍ താഴെ പ്രായമുള്ള മക്കളെ ഇപ്പോള്‍ ഫാമിലി വിസ എടുത്ത് രാജ്യത്തേക്ക് കൊണ്ടുവരാം. മാതാപിതാക്കള്‍ രണ്ട് പേരും കുവൈത്തിലുള്ളവര്‍ക്കാണ് ഇത് ഉപയോഗപ്പെടുത്താനാവുക.

Read More - അമ്മയുടെ കാമുകന്റെ ക്രൂര പീഡനം; പൊള്ളലേറ്റ മൂന്ന് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുട്ടികള്‍ക്ക് ഫാമിലി വിസകള്‍ അനുവദിക്കാനുള്ള തീരുമാനം നവംബര്‍ 20നാണ് പ്രഖ്യാപിച്ചത്. വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നതിനാല്‍ പ്രവാസി ദമ്പതികള്‍ക്ക് ചെറിയ കുട്ടികളെപ്പോലും സ്വന്തം നാട്ടില്‍ നിര്‍ത്തിയിട്ട് വരേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് കുട്ടികള്‍ക്കായി വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ഇതുവരെ വിസ ലഭിച്ചവരില്‍ ഭൂരിപക്ഷവും അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്.


 

Follow Us:
Download App:
  • android
  • ios