
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴി പെയിന്റടിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. 855 ഗ്രാം ശുദ്ധമായ (24 കാരറ്റ്) സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് യാത്രക്കാരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വിമാനം കയറുന്നതിനുള്ള പരിശോധനാ നടപടികൾക്കിടെ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്‌പെക്ടർമാർ യാത്രക്കാരെ വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കണ്ടെത്തിയത്.
ആദ്യ കേസിൽ ബെൽറ്റ് ബക്കിളിന്‍റെ രൂപത്തിൽ വാർത്തെടുത്ത് കറുത്ത പെയിന്‍റടിച്ച് ഒളിപ്പിച്ച നിലയിൽ 353 ഗ്രാം 24 കാരറ്റ് സ്വർണമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. രണ്ടാമത്തെ കേസിൽ 502 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്. ഇതിൽ കറുത്ത പ്ലേറ്റിങ് നൽകിയ 340 ഗ്രാം ഭാരമുള്ള സ്വർണ ബെൽറ്റ് ബക്കിളും, വെള്ളി നിറം പൂശി വ്യാജമായി നിർമ്മിച്ച 162 ഗ്രാം ഭാരമുള്ള സ്വർണ ബ്രേസ്ലെറ്റും ഉൾപ്പെടുന്നു. പിടിച്ചെടുത്ത സ്വർണത്തിന്റെ രേഖകൾ തയ്യാറാക്കിയ ശേഷം പ്രതികൾക്കെതിരെ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ച് തുടർന്നുള്ള നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാൻ കസ്റ്റംസ് അധികൃതർ നടപടികൾ സ്വീകരിച്ചു വരികയാണ്. കുവൈത്തിന്‍റെ അതിർത്തി പോയിന്റുകൾ വഴി സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിന് കസ്റ്റംസ് പരിശോധന കർശനമായി തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam