
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ ഉത്പന്നങ്ങൾ പിടികൂടി. സാൽമിയ മേഖലയിൽ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ആൻഡ് മോണിറ്ററിംഗ് ടീം നടത്തിയ കർശന പരിശോധനയിൽ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉത്പന്നങ്ങൾ വിൽക്കുകയും സൂക്ഷിക്കുകയും ചെയ്ത നിരവധി വാണിജ്യ സ്ഥാപനങ്ങൾ അധികൃതർ പൂട്ടിപ്പൂട്ടിപ്പിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഈ ഫീൽഡ് കാമ്പയിനിൽ രാജ്യാന്തര ബ്രാൻഡുകളുടെ വ്യാജ ബാഗുകൾ, ഷൂസുകൾ, വാച്ചുകൾ, മറ്റ് ആക്സസറികൾ എന്നിവ കൈവശം വെക്കുകയോ വിപണനം നടത്തുകയോ ചെയ്ത കടകളാണ് കുടുങ്ങിയത്. ഇത്തരം നിയമലംഘനങ്ങൾ രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്നും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സൂചകങ്ങളിൽ കുവൈത്തിന്‍റെ റാങ്കിംഗിനെ ദോഷകരമായി ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പരിശോധനയിൽ ഒരു കടയിൽ നിന്ന് മാത്രം 3,575 വ്യാജ സാധനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മറ്റൊരു സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ, വ്യാജ ഉത്പന്നങ്ങൾ ഒളിപ്പിച്ചു കടത്താൻ ഉപയോഗിച്ചിരുന്ന രഹസ്യ സംഭരണ കേന്ദ്രം കണ്ടെത്തുകയും അവിടെ നിന്ന് 2,897 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ആകെ ആറായിരത്തിലധികം വ്യാജ ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ഈ റെയ്ഡുകളിൽ പിടിച്ചെടുത്തത്. നിയമലംഘനം നടത്തിയ എല്ലാ സ്ഥാപനങ്ങളും ഉടനടി അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. പിടിച്ചെടുത്ത സാധനങ്ങളുടെ ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കിയതായും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കർശനമായ നിയമനടപടികൾ ആരംഭിച്ചതായും പരിശോധനാ സംഘം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam