കൊലപാതക കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രവാസികള്‍ക്ക് വധശിക്ഷ വിധിച്ചു

By Web TeamFirst Published Dec 6, 2022, 8:29 AM IST
Highlights

അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഒരു ഈജിപ്ഷ്യന്‍ പൗരനും ഹവല്ലിയില്‍ വെച്ച് മുന്‍ഭാര്യയെ കൊലപ്പെടുത്തിയ സുഡാന്‍ പൗരനുമാണ് കുവൈത്ത് പരമോന്നത കോടതിയുടെ ക്രിമിനല്‍ ഡിവിഷന്‍ വധശിക്ഷ വിധിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊലപാതക കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രവാസികളെ തൂക്കിക്കൊല്ലാന്‍ വിധി. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഒരു ഈജിപ്ഷ്യന്‍ പൗരനും ഹവല്ലിയില്‍ വെച്ച് മുന്‍ഭാര്യയെ കൊലപ്പെടുത്തിയ സുഡാന്‍ പൗരനുമാണ് കുവൈത്ത് പരമോന്നത കോടതിയുടെ ക്രിമിനല്‍ ഡിവിഷന്‍ വധശിക്ഷ വിധിച്ചത്.

സഹപ്രവര്‍ത്തക കൂടിയായ മുന്‍ഭാര്യയെ ചില തര്‍ക്കങ്ങളുടെ പേരിലാണ് സുഡാന്‍ പൗരന്‍ കുത്തിക്കൊന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങി. നിരവധി തവണ കുത്തേറ്റതായി ഫോറന്‍സിക് പരിശോധനയില്‍ തെളിയുകയും കുത്താന്‍ ഉപയോഗിച്ച കത്തി യുവതിയുടെ ശരീരത്തില്‍ നിന്നു തന്നെ കണ്ടെടുക്കുകയും ചെയ്‍തിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജ്യത്തു നിന്ന് രക്ഷപ്പെട്ട ഈജിപ്ഷ്യന്‍ പൗരനും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തന്റെ പതിനാറു വയസുള്ള മകനും പതിനേഴ് വയസുള്ള മകള്‍ക്കുമൊപ്പം രാജ്യം വിടുകയായിരുന്നു. എന്നാല്‍ തന്റെ ഇളയ മകനെ ഇയാള്‍ കുവൈത്തിലെ ഒരു നഴ്‍സറിയില്‍ വിട്ടിട്ടാണ് സ്വദേശത്തേക്ക് രക്ഷപ്പെട്ടത്. അവിടെയെത്തിയ ശേഷം അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന് ഇയാള്‍ വോയിസ് മെസേജ് അയച്ചു. തന്റെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ഭാര്യ മരിച്ചുകിടക്കുന്നുണ്ടെന്നും പൊലീസില്‍ വിവരമറിയിക്കണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. 

അഞ്ച് വര്‍ഷത്തിന് ശേഷം ഈ നവംബറില്‍ കുവൈത്തില്‍ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതാണ് യൂറോപ്യന്‍ യൂണിയനെ പ്രകോപിപ്പിച്ചത്. ആസൂത്രിതമായ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട നാല് കുവൈത്തി പൗരന്മാരെയും മൂന്ന് പ്രവാസികളെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. നാല് കുവൈത്തി പൗരന്മാരില്‍ ഒരാള്‍ വനിതയായാിരുന്നു. ഇവര്‍ക്ക് പുറമെ ഒരു സിറിയന്‍ പൗരന്റെയും ഒരു പാകിസ്ഥാനിയുടെയും ഒരു എത്യോപ്യന്‍ സ്വദേശിനിയുടെയും വധശിക്ഷയാണ് കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നടപ്പാക്കിയത്. 

Read also:  പതിനായിരത്തിലധികം പ്രവാസി എഞ്ചിനീയര്‍മാരുടെ ഭാവി തുലാസില്‍; എംബസി ഇടപെടണമെന്ന് ആവശ്യം

click me!