Asianet News MalayalamAsianet News Malayalam

പതിനായിരത്തിലധികം പ്രവാസി എഞ്ചിനീയര്‍മാരുടെ ഭാവി തുലാസില്‍; എംബസി ഇടപെടണമെന്ന് ആവശ്യം

ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരികള്‍ നാഷണല്‍ ബോര്‍ഡ‍് ഓഫ് അക്രഡിറ്റേഷന്റെ (എന്‍.ബി.എ) അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരായിരിക്കണമെന്നതാണ് കുവൈത്തിലെ നിബന്ധന. എന്നാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം എഞ്ചിനീയറിങ് കോളേജുകള്‍ക്കും എന്‍ബിഎ അക്രഡിറ്റേഷനില്ല.

Thousands of Indian engineers demand intervention of Embassy and Indian government on NOC issues in Kuwait
Author
First Published Dec 5, 2022, 6:18 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന പതിനായിരത്തിലധികം ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ എംബസി ഇടപെടണമെന്ന് ആവശ്യം. എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ ലൈസന്‍സ് അനുവദിക്കുന്നതിനായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സില്‍ നിന്ന് ലഭിക്കേണ്ട നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ (എന്‍.ഒ.സി) കാര്യത്തിലാണ് ഇപ്പോഴത്തെ പ്രതിസന്ധി. എന്‍.ഒ.സി ലഭിക്കാന്‍ കുവൈത്ത് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡ‍ം പാലിക്കാന്‍ ഭൂരിപക്ഷം എഞ്ചിനീയര്‍മാര്‍ക്കും സാധിക്കില്ല.

ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരികള്‍ നാഷണല്‍ ബോര്‍ഡ‍് ഓഫ് അക്രഡിറ്റേഷന്റെ (എന്‍.ബി.എ) അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരായിരിക്കണമെന്നതാണ് കുവൈത്തിലെ നിബന്ധന. എന്നാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം എഞ്ചിനീയറിങ് കോളേജുകള്‍ക്കും എന്‍ബിഎ അക്രഡിറ്റേഷനില്ല. ഓണ്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജ്യൂക്കേഷന്റെ (എഐസിടിഇ) അംഗീകാരമാണ് ഇന്ത്യയില്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മാനദണ്ഡം. ഐസ്ഒ പോലുള്ള ഒരു ഗുണനിലവാര പരിശോധനാ സ്ഥാപനമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ബിഎയുടെ അക്രഡിറ്റേഷന്‍ സര്‍ക്കാര്‍ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ഭൂരിപക്ഷം എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമില്ല. 2013ല്‍ എന്‍ബിഎ സ്വതന്ത്ര അക്രഡിറ്റേഷന്‍ സ്ഥാപനമായി മാറിയ ശേഷം ചില സ്ഥാപനങ്ങള്‍ അക്രഡിറ്റേഷന്‍ നേടിയിട്ടുണ്ട്. എന്നാല്‍ തൊഴില്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കുന്ന പ്രവാസി, പഠിച്ചിരുന്ന സമയത്ത് സ്ഥാപനത്തിന് എന്‍ബിഎ അക്രഡിറ്റേഷന്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയിലുള്ളതിനാല്‍ ഇവര്‍ക്കും എന്‍ഒസി ലഭിക്കുന്നില്ല.

ഇരുപത് വര്‍ഷത്തിലധികമായി കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസി എഞ്ചിനിയര്‍മാരുടെ ഉള്‍പ്പെടെ അപേക്ഷകള്‍ ഇത്തരത്തില്‍ എന്‍ഒസി നല്‍കാതെ തള്ളിയിട്ടുണ്ട്. ഇതോടെ തൊഴില്‍ നഷ്ടമാവുമെന്ന ഭീതിയിലാണ് ആയിരക്കണക്കിന് പേര്‍. 2020ലാണ് എഞ്ചിനീയര്‍മാര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കുന്ന നടപടി കുവൈത്ത് ആരംഭിച്ചത്. ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനൊപ്പം കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സ് നടത്തുന്ന യോഗ്യതാ പരീക്ഷ പാസാവുകയും വേണം. 

നേരത്തെ ഇന്ത്യന്‍ സ്ഥാനപതി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. കൊവിഡ‍് കാലത്ത് വിസാ കാലാവധി അവസാനിക്കുകയും ഇപ്പോള്‍ താത്കാലികമായി വിസാ കാലാവധി ദീര്‍ഘിപ്പിച്ച് കിട്ടിയവരും ഉള്‍പ്പെടെ നിരവധിപ്പേര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്നുള്ള ആശങ്കയിലാണ്. വിഷയത്തില്‍ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സര്‍ക്കാറും ഇടപെടണമെന്നാണ് ആവശ്യം.

Read also: യുഎഇയില്‍ തൊഴില്‍ അന്വേഷകരെ കുടുക്കാന്‍ വ്യാജ പരസ്യം, മുന്നറിയിപ്പുമായി പൊലീസ്

Follow Us:
Download App:
  • android
  • ios