
കുവൈത്ത് സിറ്റി: അമ്മയുടെ കുത്തേറ്റ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് കുട്ടികളെ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് അദാൻ ആശുപത്രിയിൽ സന്ദർശിച്ചു. വെള്ളിയാഴ്ചയാണ് മന്ത്രി ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനിലയും ചികിത്സയുടെ പുരോഗതിയും നേരിട്ട് വിലയിരുത്തിയത്.
മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് അമ്മ കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയായ അമ്മയെ പിടികൂടുകയും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. ആശുപത്രി സന്ദർശനത്തിനിടെ കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച് ചികിത്സാ സംഘത്തിൽ നിന്ന് മന്ത്രി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടികൾക്ക് ആവശ്യമായ എല്ലാ ചികിത്സയും പരിചരണവും ഉറപ്പാക്കാനും ആരോഗ്യനില നിരന്തരം നിരീക്ഷിക്കാനും അദ്ദേഹം നിർദേശം നൽകി.
കുട്ടികൾക്ക് ചികിത്സയും പരിചരണവും നൽകുന്ന മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ചികിത്സ പൂർത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ തുടരുകയാണ്.
സമൂഹത്തിന്റെ സുരക്ഷയെയും കുടുംബങ്ങളുടെ സുരക്ഷയെയും ബാധിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളോട് ആഭ്യന്തര മന്ത്രാലയം യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് ഷെയ്ഖ് ഫഹദ് യൂസഫ് വ്യക്തമാക്കി. കുട്ടികളുടെ സംരക്ഷണത്തിൽ മാതാപിതാക്കളുടെ ഉത്തരവാദിത്തവും കുടുംബ ബോധവൽക്കരണവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളിൽ നിയമം എല്ലാവർക്കും ഒരുപോലെ കർശനമായി നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam