
റിയാദ്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം റിയാദിലെ ഇന്ത്യൻ എംബസിയിൽ സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കവേ, സൗദി അറേബ്യയിലെ 27 ലക്ഷം വരുന്ന ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ പാലമായി വർത്തിക്കുന്നുവെന്ന് അംബാസഡർ വിപുൽ പ്രസ്താവിച്ചു. ലോകത്തിലെ ഏറ്റവും പഴയ സംസ്കാരങ്ങളിലൊന്നും ജനാധിപത്യത്തിെൻറ മാതാവുമായ ഭാരതത്തെ, അറബ്-ഇസ്‌ലാമിക പൈതൃകത്തിെൻറ കേന്ദ്രമായ സൗദി അറേബ്യയിൽ പ്രതിനിധീകരിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കാലക്രമേണ കൂടുതൽ ദൃഢമാവുകയും വിവിധ മേഖലകളിലെ ശക്തമായ കൂട്ടായ്മയായി മാറുകയും ചെയ്തിട്ടുണ്ട്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഇന്ത്യ സന്ദർശനവും (2023), പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനവും (2025) ഈ നയതന്ത്ര ബന്ധത്തിന് പുതിയ ആവേശം പകർന്നു.
സൗദി അറേബ്യയുടെ ‘വിഷൻ 2030’-ഉം ഇന്ത്യയുടെ ‘വികസിത് ഭാരത്’ പദ്ധതിയും ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നുണ്ടെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ഊർജ്ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ആരോഗ്യം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഗ്രീൻ ഹൈഡ്രജൻ, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ സാമ്പത്തിക ബന്ധം കൂടുതൽ വളരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സൗദി അറേബ്യയിൽ ജോലിയും മറ്റുമായി കഴിയുന്ന 27 ലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികൾ കഠിനാധ്വാനത്തിലൂടെ രാജ്യത്തിെൻറ പേരും പതാകയും ഉയർത്തിപ്പിടിക്കുന്നതിൽ മികച്ച പങ്കാണ് വഹിക്കുന്നത്. ഇന്ത്യക്കാരെ സ്വന്തം കുടുംബം പോലെ സ്നേഹത്തോടെ പരിപാലിക്കുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്കും സൗദി സർക്കാരിനും ഇവിടുത്തെ ജനങ്ങൾക്കും അദ്ദേഹം ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
രാവിലെ 8.30-ന് എംബസി അങ്കണത്തിൽ അംബാസഡർ ദേശീയ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. വന്ദേമാതരം മുഴുവനായി ആലപിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് ദേശീയ ഗാനവും ആലപിച്ചു. വന്ദേമാതര ഗാനത്തിെൻറ 150-ാം വാർഷികം പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളും ഒരുക്കിയിരുന്നു. എംബസി ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസിനെ അഭിസംബോധന ചെയ്ത അംബാസഡർ ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും തുടർന്ന് സ്വന്തം നിലയിൽ സംസാരിക്കുകയും ചെയ്തു.
തുടർന്ന് വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി. റിയാദിലെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ളവർ വന്ദേമാതര നൃത്തശിൽപം അവതരിപ്പിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ദേശീയോദ്ഗ്രഥന ഗാനം ആലപിച്ചു. റിയാദിലെ പോൾ സ്റ്റാർ ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച, ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തെ ആസ്പദമാക്കിയുള്ള പ്രത്യേക നൃത്തപരിപാടിയും ശ്രദ്ധേയമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കും വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്കും അംബാസഡർ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam