കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

By Web TeamFirst Published Jan 28, 2023, 10:34 PM IST
Highlights

എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകാത്തതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകാത്തതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇയാള്‍ തൊഴിലാളിയെ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്‍തു.

സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മര്‍ദിച്ചയാളിനെതിരെ  തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു. ഒരാളും രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനല്ലെന്നും മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. മര്‍ദനമേറ്റ പ്രവാസി ബംഗ്ലാദേശ് പൗരനാണെന്നാണ് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read also: കോഴിക്കോടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്നശേഷം തിരിച്ചിറക്കി

അമിത ശബ്ദമുണ്ടാക്കുന്ന സൈലന്‍സറുകള്‍ വിറ്റഴിച്ച വര്‍ക്ക്ഷോപ്പുകളും ഗ്യാരേജുകളും പൂട്ടിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അധികൃതര്‍ നടത്തുന്ന പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ജഹ്റയിലെ വിവിധ വര്‍ക്ക് ഷോപ്പുകളിലും ഗ്യാരേജുകളിലും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി അധികൃതര്‍. റെസിഡന്‍സി അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കൗണ്ടര്‍ഫീറ്റിംഗ് ആന്‍ഡ് ഫോര്‍ജറി ക്രൈംസ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചാണ് ജനറല്‍ ട്രാഫിക് വിഭാഗം പരിശോധന നടത്തിയത്. 

കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ 540 ട്രാഫിക്ക് നിയമലംഘനങ്ങളാണ് ആകെ കണ്ടെത്താനായത്. അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, ശല്യമുണ്ടാക്കുന്ന തരത്തില്‍ ശബ്‍ദമുണ്ടാക്കിയതിന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പൊതുവഴിയിൽ തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ പാര്‍ക്ക് ചെയ്തതിന് 336 മുന്നറിയിപ്പ് സ്റ്റിക്കറുകളും പതിച്ചു. വാഹനങ്ങളില്‍ നിന്ന് അമിത ശബ്‍ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ വിറ്റിരുന്ന ഒരു വര്‍ക്ക് ഷോപ്പ് പരിശോധന നടത്തി ഉടന്‍ തന്നെ അധികൃതര്‍ പൂട്ടിച്ചു. നിയമം ലംഘിച്ച 42 വര്‍ക്ക് ഷോപ്പുകളുടെയും ഗ്യാരേജുകളുടെയും വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു. രാജ്യത്ത് പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

click me!