കുവൈത്തില്‍ എണ്ണചോര്‍ച്ച; 'അടിയന്തിര സാഹചര്യം' പ്രഖ്യാപിച്ച് കമ്പനി

By Web TeamFirst Published Mar 20, 2023, 6:09 PM IST
Highlights

എണ്ണചോര്‍ച്ചയുടെ ദൃശ്യങ്ങള്‍ കുവൈത്തി മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പൈപ്പ് ലൈനില്‍ നിന്ന് എണ്ണ പുറത്തേക്ക് തെറിക്കുന്നതും പരിസരത്ത് എണ്ണ വലിയതോതില്‍ തളംകെട്ടി നില്‍ക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 'അടിയന്തിര സാഹചര്യം' പ്രഖ്യാപിച്ച് എണ്ണക്കമ്പനി. തിങ്കളാഴ്ചയാണ് രാജ്യത്തെ പടിഞ്ഞാറന്‍ പ്രദേശത്ത് എണ്ണ ചേര്‍ച്ചയുണ്ടായതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള  കുവൈത്ത് ഓയില്‍ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും  എണ്ണചോര്‍ച്ച രാജ്യത്തെ എണ്ണ ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

എണ്ണചോര്‍ച്ചയുടെ ദൃശ്യങ്ങള്‍ കുവൈത്തി മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പൈപ്പ് ലൈനില്‍ നിന്ന് എണ്ണ പുറത്തേക്ക് തെറിക്കുന്നതും പരിസരത്ത് എണ്ണ വലിയതോതില്‍ തളംകെട്ടി നില്‍ക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം. ചോര്‍ച്ച കാരണം ആര്‍ക്കെങ്കിലും പരിക്കുകള്‍ സംഭവിക്കുകയോ എണ്ണ ഉത്പാദനത്തെ ബാധിക്കുകയോ ചെയ്തിട്ടില്ലെന്നും വിഷമയമായ പകപടലങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കമ്പനി വക്താവ് ഖുസൈ അല്‍ അമീര്‍ പ്രസ്‍‍താവനയില്‍ പറഞ്ഞു. കരയിലാണ് എണ്ണ ചോര്‍ച്ച ഉണ്ടായതെന്നും എന്നാല്‍ അത് ജനവാസ മേഖല അല്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പ്രതികരിച്ചു.

എണ്ണ ചോര്‍ച്ച ഉണ്ടായ സ്ഥലത്തിന്റെ വിശദ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചോര്‍ച്ചയുടെ സ്രോതസ് കണ്ടെത്താനും അത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജീവനക്കാരെ നിയോഗിച്ചതായും അതിനുള്ള നടപടികള്‍ തുടങ്ങിയതായും എണ്ണക്കമ്പനി വക്താവ് അറിയിച്ചു. കുുവൈത്ത് ഓയില്‍ കമ്പനി സിഇഒ സ്ഥലം സന്ദര്‍ശിച്ചതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വീഡിയോ ദൃശ്യങ്ങള്‍
 

: الفرق المعنية في الشركة تتعامل مع حادث التسرب النفطي حسب الإجراءات المتبعة.. وسنعلن عن التطورات أولاً بأولhttps://t.co/SysaMDvMGf pic.twitter.com/03fd9rtofZ

— الراي (@AlraiMediaGroup)
click me!