
കുവൈത്ത് സിറ്റി: കുവൈത്ത് നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ശരിയത്ത് നോട്ടറൈസേഷൻ വിഭാഗത്തിന്റെ 2025 നവംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ടു. വിവാഹം, വിവാഹമോചനം, അനുരഞ്ജനം, മതംമാറ്റം തുടങ്ങിയ സേവനങ്ങൾക്കായി വലിയ തിരക്കാണ് മന്ത്രാലയത്തിൽ അനുഭവപ്പെട്ടതെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം വംബർ മാസത്തിൽ മാത്രം 1,252 വിവാഹ-അനുരഞ്ജന ഇടപാടുകളാണ് രജിസ്റ്റർ ചെയ്തത്. ഇത് പ്രതിദിനം ശരാശരി 42 ഇടപാടുകൾ എന്ന നിരക്കിലാണ് നടന്നിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കുവൈറ്റിൽ ഓരോ 34 മിനിറ്റിലും ഒരു വിവാഹമോ അല്ലെങ്കിൽ ദമ്പതികൾ തമ്മിലുള്ള അനുരഞ്ജനമോ നടക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അതേസമയം, രാജ്യത്തെ വിവാഹമോചന നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിലുണ്ട്. നവംബറിൽ ആകെ 595 വിവാഹമോചനങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് പ്രതിദിനം ശരാശരി 20 എന്ന നിരക്കിലാണ്. അതായത് ഓരോ ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റിലും ഒരു വിവാഹമോചനം വീതം രാജ്യത്ത് നടക്കുന്നുണ്ട്. വിവാഹ കരാറുകളുടെ എണ്ണം പരിശോധിച്ചാൽ ആകെ 1,143 എണ്ണമാണ് കഴിഞ്ഞ മാസം ഒപ്പിട്ടത്. ഇതിൽ ഭൂരിഭാഗവും കുവൈത്ത് സ്വദേശികൾ തമ്മിലുള്ള വിവാഹങ്ങളായിരുന്നു. ആകെ നടന്ന വിവാഹങ്ങളിൽ 73.3 ശതമാനവും സ്വദേശികൾ തമ്മിലായിരുന്നുവെങ്കിൽ, 16.2 ശതമാനം വിവാഹങ്ങൾ കുവൈത്ത് ഇതര പൗരന്മാർ തമ്മിലായിരുന്നു.
കുവൈത്ത് പുരുഷന്മാർ വിദേശ വനിതകളെ വിവാഹം കഴിച്ച സംഭവങ്ങൾ 8.2 ശതമാനവും, വിദേശ പുരുഷന്മാർ കുവൈത്ത് വനിതകളെ വിവാഹം കഴിച്ച സംഭവങ്ങൾ 2.3 ശതമാനവുമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വിവാഹങ്ങൾക്കും വിവാഹമോചനങ്ങൾക്കും പുറമെ ഔദ്യോഗിക സാക്ഷ്യപ്പെടുത്തലുകൾക്കും ഇസ്ലാം മതം സ്വീകരിക്കുന്നതിനുമായി പതിനായിരക്കണക്കിന് ആളുകളാണ് മന്ത്രാലയത്തിന്റെ സേവനം തേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam