
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രോൺ തടയുന്ന നടപടികൾക്കിടെ പതിച്ച അവശിഷ്ടങ്ങൾ കാരണം ആറ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിയതായി വൈദ്യുതി, ജലം, നവീകരണ ഊർജ്ജ മന്ത്രാലയ വക്താവ് എഞ്ചിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. ഇതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി മുടങ്ങിയതായും അവർ വ്യക്തമാക്കി.
എന്നാൽ സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ച എമർജൻസി സംഘങ്ങൾ ഉടൻ തന്നെ കേടുപാടുകൾ പരിഹരിക്കുകയും, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു. രാജ്യത്തെ വൈദ്യുതി- ജല വിതരണ സംവിധാനങ്ങൾ സ്ഥിരതയോടെ തുടരുകയാണെന്നും 24 മണിക്കൂറും നിരന്തര നിരീക്ഷണം നടക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. വിവരങ്ങൾ അറിയാൻ അധികൃത ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കെട്ടിടത്തിലെ താമസക്കാരെല്ലാം സുരക്ഷിതരാണെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. കെട്ടിടത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ ചെറിയതോതിൽ തീപിടിച്ചു. സിവിൽ ഡിഫൻസ് ടീമുകൾ അതിവേഗം ഇടപെട്ട് തീ അണയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് അധികൃതർ കർശന നിരീക്ഷണം തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam