
കുവൈത്ത് സിറ്റി: ചില ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ കുവൈത്തിലെ എല്ലാ വിമാനത്താവളങ്ങളിലും അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആഗോള ആരോഗ്യ ഭീഷണികളെ നേരിടുന്നതിനുള്ള നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.
വിമാനത്താവളങ്ങൾ ഉൾപ്പെടെ എല്ലാ പ്രവേശന കേന്ദ്രങ്ങളിലും യാത്രക്കാരുടെ ആരോഗ്യ പരിശോധന, താപനില സ്കാനിംഗ് സംവിധാനം, മെഡിക്കൽ പരിശോധന എന്നിവ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ഉഗാണ്ട, ദക്ഷിണ സുഡാൻ, കോൺഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അയൽരാജ്യമായ ഉഗാണ്ട എന്നീ രാജ്യങ്ങളിലാണ് എബോള വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇതുവരെ മരണസംഖ്യ 160 ആയി. ഇവരുടെ മരണകാരണം എബോള വൈറസ് ആണെന്നാണ് സംശയിക്കുന്നത്. സംശയിക്കുന്ന കേസുകളുടെ എണ്ണം 670 ആയി. ഇതുവരെ 61 കേസുകളാണ് സ്ഥിരീകരിച്ചത്. ഉഗാണ്ടയിൽ രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam