ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം, ഇറാന്റെ എണ്ണ ഇറക്കുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് കഴിഞ്ഞ മാസം ട്രഷറി വകുപ്പ് പുറപ്പെടുവിച്ചിരുന്ന 60 ദിവസത്തെ ലൈസൻസ് അമേരിക്ക റദ്ദാക്കിയിരുന്നു.

ടെഹ്റാൻ: ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാനെ ആക്രമിച്ച് അമേരിക്ക. ആക്രമണം തുടങ്ങി എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദമാക്കി. ഹോർമുസ് കടലിടുക്കിൽ വച്ച് മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. ബുധനാഴ്ച പുല‍ർച്ചെയോടെയാണ് ആക്രമണം നടന്നത്. മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് അടിയന്തിര സൈനിക നടപടിയെന്നാണ് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പ്രമുഖ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വലിയ രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സൈന്യം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയത്. ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം, ഇറാന്റെ എണ്ണ ഇറക്കുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് കഴിഞ്ഞ മാസം ട്രഷറി വകുപ്പ് പുറപ്പെടുവിച്ചിരുന്ന 60 ദിവസത്തെ ലൈസൻസ് അമേരിക്ക റദ്ദാക്കിയിരുന്നു.

ഇറാന്റെ സൈനിക താവളങ്ങൾ, ആയുധ സംഭരണശാലകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ മിസൈൽ ആക്രമണങ്ങളെന്നാണ് അന്ത‍ർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ സൈനിക നീക്കങ്ങൾ പശ്ചിമേഷ്യൻ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നുള്ള മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം