കുവൈത്തില്‍ ഇന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രാത്രി എട്ട് വരെ

By Web TeamFirst Published Sep 29, 2022, 8:57 AM IST
Highlights

ആകെ 7,95,920 വോട്ടർമാരാണ് രാജ്യത്തുള്ളത്. അഭിപ്രായ വ്യത്യസങ്ങളെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ട സഭയിലെ 40ലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും ഇത്തവണ മത്സര രംഗത്തുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജ്യത്തെ അഞ്ച് പാര്‍ലമെന്റ് മണ്ഡലങ്ങളിൽ നിന്ന്  പത്തു പേരെ വീതം ആകെ 50 പേരെയാണ് നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെടുപ്പ് രാത്രി എട്ടുവരെ തുടരും. മത്സര രംഗത്തുള്ള 305 സ്ഥാനാർഥികളിൽ ഇരുപതിലേറെപേർ സ്ത്രീകളാണ്. 

ആകെ 7,95,920 വോട്ടർമാരാണ് രാജ്യത്തുള്ളത്. അഭിപ്രായ വ്യത്യസങ്ങളെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ട സഭയിലെ 40ലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും ഇത്തവണ മത്സര രംഗത്തുണ്ട്. ഓരോ മണ്ഡലത്തിലും ഒരു സ്ഥാനാര്‍ത്ഥിക്ക് വീതമാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഓരോ മണ്ഡലത്തില്‍ നിന്നും ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന പത്ത് പേരെ വീതം നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കും. രാത്രി എട്ട് മണിക്ക് ഇലക്ടറല്‍ കമ്മിറ്റി തലവന്മാര്‍ വോട്ടെടുപ്പ് അവസാനിച്ചതായി പ്രഖ്യാപിക്കും. തുടര്‍ന്ന് വോട്ടെണ്ണലും ഔദ്യോഗിക ഫലപ്രഖ്യാപനവും നടക്കും. 

അഞ്ചാമത്തെ മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളുമുള്ളത്. വോട്ടെടുപ്പ് ദിവസം 21 വയസ് തികയുന്ന എല്ലാ കുവൈത്തി പൗരന്മാരുടെയും പേരുകള്‍ സ്വമേധയാ തന്നെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കപ്പെടും. സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും സിവില്‍ തിരിച്ചറിയല്‍ രേഖകളുമായാണ് വോട്ടര്‍മാര്‍ പോളിങ് സ്റ്റേഷനുകളില്‍ എത്തുന്നത്. സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നഷ്ടമായ പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ വേണ്ടി ആഭ്യന്തര മന്ത്രാലയം പകരം രേഖ ലഭ്യമാക്കുന്നുണ്ട്. പോളിങ് ദിനമായ ഇന്ന് രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെല്ലാം അവധിയാണ്. ആകെ 123 സ്‍കൂളുകളാണ് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം സജ്ജമാക്കിയത്.

Read also: വിനോദ കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കുന്നു; പ്രവാസികളെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

click me!