മുനിസിപ്പാലിറ്റി കൺസൾട്ടന്റുമാരുടെ സ്വദേശിവത്കരണം 100 ശതമാനത്തിലേക്ക്

By Web TeamFirst Published Dec 2, 2022, 10:12 PM IST
Highlights

മുനിസിപ്പാലിറ്റിയിലെ അഡ്വൈസര്‍മാരുടെ എണ്ണം 127 ആയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ മൂന്ന് പ്രവാസികളുമുണ്ട്. എല്ലാ വിദേശികളുടെയും തൊഴില്‍ കരാറിന്റെ കാലാവധി ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലെ നിയമ വിഭാഗം കൺസൾട്ടന്റുമാരുടെ സ്വദേശിവത്കരണം ഒരു വർഷത്തിനുള്ളിൽ 100 ശതമാനത്തിലെത്തുമെന്ന് മുനിസിപ്പൽകാര്യ സഹമന്ത്രി അബ്‍ദുള്‍ അസീസ് അൽ മൊജെൽ അറിയിച്ചു. പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യ അറിയിച്ചത്.

മുനിസിപ്പാലിറ്റിയിലെ അഡ്വൈസര്‍മാരുടെ എണ്ണം 127 ആയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ മൂന്ന് പ്രവാസികളുമുണ്ട്. എല്ലാ വിദേശികളുടെയും തൊഴില്‍ കരാറിന്റെ കാലാവധി ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസം മുമ്പ് 132 പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. മുനിസിപ്പല്‍കാര്യ, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രിയായ ഡോ. റാണ അല്‍ ഫാരിസിന്റെ നിര്‍ദേശ പ്രകാരം കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹ്‍മദ് അല്‍ മന്‍ഫൗഹിയാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. മൂന്ന് മാസത്തെ നോട്ടീസ് പീരിഡാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഇത് അവസാനിക്കുന്ന തീയ്യതിയായ ഡിസംബര്‍ രണ്ടിന് കുവൈത്ത് മുനിസിലാപ്പിറ്റിയിലെ ഇവരുടെ ജോലി അവസാനിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്. വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഈ പിരിച്ചുവിടല്‍ പട്ടികയിലുണ്ടായിരുന്നു.

മൂന്ന് ഘട്ടങ്ങളായി സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് കുവൈത്ത് മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നവരുടെ പേരുകളാണ് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ പുറത്തുവിട്ടതും നോട്ടീസ് നല്‍കിയതും. അടുത്ത വര്‍ഷം ആദ്യത്തോടെ കൂടുതല്‍ പ്രവാസികളെ ജോലിയില്‍ നിന്ന് ഒഴിവാക്കും. 2023 ജുലൈ ആദ്യത്തോടെ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തോടെ പ്രവാസികളെ ഏതാണ്ട് പൂര്‍ണമായി ജോലികളില്‍ നിന്ന് ഒഴിവാക്കാനാണ് അധികൃതരുടെ തീരുമാനം.

Read also:  പ്രവാസികള്‍ക്കായി താമസ സ്ഥലത്ത് അനധികൃത റസ്റ്റോറന്റ്; മദ്യവും വിറ്റിരുന്നെന്ന് പരിശോധനയില്‍ കണ്ടെത്തി

click me!