ഒരു ബഹ്റൈനി പൗരന്‍ വാട്സ്ആപിലൂടെ വ്യവസായ - വാണിജ്യ മന്ത്രാലയത്തിന് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. 

മനാമ: ബഹ്റൈനില്‍ താമസ സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു. ജുഫൈറിലെ ഒരു റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടില്‍ ഒരു വില്ല കേന്ദ്രീകരിച്ചായിരുന്നു അനധികൃത റസ്റ്റോറന്റിന്റെ പ്രവര്‍ത്തനം. ഭക്ഷണത്തോടൊപ്പം ഇവിടെ മദ്യവും വിറ്റിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നിയമ നടപടികള്‍ സ്വീകരിക്കുകയും റസ്റ്റോറന്റ് പൂട്ടിക്കുകയുമായിരുന്നു.

ഒരു ബഹ്റൈനി പൗരന്‍ വാട്സ്ആപിലൂടെ വ്യവസായ - വാണിജ്യ മന്ത്രാലയത്തിന് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. വിപുലമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റാണ് റെയ്ഡിനായി സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ കണ്ടെത്താന്‍ സാധിച്ചത്. ഭക്ഷണ സാധനങ്ങളുടെ വില ഉള്‍പ്പെടുത്തി മെനു കാര്‍ഡ് പോലും ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയിരുന്നു. പ്രദേശത്ത് താമസിച്ചിരുന്ന പ്രവാസികള്‍ ഇവിടെ ഒത്തുകൂടിയിരുന്നതായും ഗ്രില്ലിങ് ഉള്‍പ്പെടെ നടത്തി ഭക്ഷണം തയ്യാറാക്കിയിരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വില്ലയില്‍ മദ്യവും വിറ്റിരുന്നു.

പരാതി ലഭിച്ചയുടന്‍ തന്നെ വ്യവസായ - വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായും പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതായും മന്ത്രാലയത്തിലെ കണ്‍ട്രോള്‍ ആന്റ് റിസോഴ്‍സസ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്‍ദുല്‍ അസീസ് അല്‍ അഷ്റഫ് പറഞ്ഞു. ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. നിയമപ്രകാരമുള്ള മറ്റ് നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്‍ദുല്‍ അസീസ് അല്‍ അഷ്റഫ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന്റെയും ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റിയുടെയും സഹകരണത്തോടെയായിരുന്നു റെയ്ഡ് നടത്തിയത്.

Read also: വാഹനത്തില്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ പിടിയില്‍